തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂജപ്പുര ജയിലിലേക്ക് അധിക ദൂരമില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നന്ദാവനം പാണക്കാട് ഹാളില്‍ സ്വാമി ശ്വാശ്വതീകാനന്ദ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരൂഹ സാഹചര്യത്തിലാണ് സ്വാമി ശാശ്വതീകാനന്ദ ആലുവാ പുഴയില്‍ മുങ്ങിമരിച്ചത്. സ്വാമിയുടെ കൊലപാതകത്തിനു പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്നു വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
മരണത്തിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് സ്വാമിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ സത്യാവസ്ഥ എത്രയും പെട്ടന്ന് പുറത്തുകൊണ്ടുവരണം. മതാതീത ആത്മീയതയാണ് ശ്രീനാരായണഗുരു പ്രചരിപ്പിച്ചത്. എന്നാല്‍ എസ്എന്‍ഡിപി സാരഥികള്‍ യോഗത്തെ സംഘപരിവാറിന്റെ ആശയങ്ങളില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയാണ്. അതിലേക്കാണ് സംഘപരിവാറിന്റെ ഗുണവും മണവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത്.ബിജെപിയുടെ അന്യമത വിദ്വേഷത്തോടൊപ്പം ആര്‍എസ്എസുമായി കൂട്ടുകൂടി ശ്രീനാരായണ ദര്‍ശനം എങ്ങനെ പ്രചരിപ്പിക്കാനാകുമെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ആര്‍എസ്എസുകാരേക്കാള്‍ കാടത്തം നിറഞ്ഞ ഭാഷയിലാണ് വെള്ളാപ്പള്ളി നടേശന് പ്രസംഗിച്ചു നടക്കുന്നത്. സാമൂഹിക ജീവിതത്തിലെ അരുതായ്മകള്‍ക്കും സംഘപരിവാറിന്റെ ജുഗുപ്സാവഹമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറുപടിയാണ് രോഹിത് വെമുലയും കനയ്യകുമാറും. സംഘപരിവാറിന്റെ പ്രവര്‍ത്തനത്തിനെതിരേ ജനാധിപത്യപരമായ ചെറുത്തു നില്പിലുടെ മാത്രമേ മുന്നോട്ടു പോകാനാകൂ. കനയ്യകുമാര്‍ ജയില്‍ മോചിതനായശേഷം ജെഎന്‍യുവില്‍ നടത്തിയ പ്രസംഗം പൊരുതുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ താളമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി. സീരപാണി അധ്യക്ഷത വഹിച്ചു.
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പന്ന്യന്‍ രവീന്ദ്രന്, ജമീല പ്രകാശം എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്, ആലപ്പി രമണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്ക് സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ശ്രീനാരായണ മതാതീതകേന്ദ്രം ജനറല്‍ സെക്രട്ടറി വാവറമ്പലം സുരേന്ദ്രന് സ്വാഗതവും ട്രഷറര്‍ കെ.എസ്. ജ്യോതി നന്ദിയും പറഞ്ഞു.