പോസ്റ്റ് ഓഫീസുകളില്‍ എന്‍എസ്‌സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല; ഉപഭോക്താക്കള്‍ വലയുന്നു

KLM-POSTചാത്തന്നൂര്‍: ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ എന്‍ എസ് സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. സര്‍ട്ടിഫിക്കറ്റ്  ലഭിക്കാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി  എത്തുന്നവര്‍ വലയുന്നു. രജിസ്‌ട്രേഷന്‍ ഉള്‍പെടെയുളള വിവിധ ആവശ്യങ്ങള്‍ക്ക് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള എന്‍എസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് പോസ്റ്റ് ഓഫീസുകളില്‍ തിരക്കേറിയത്. സര്‍ട്ടിഫിക്കറ്റിന് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയും നിലവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ടിരുന്ന പോസ്റ്റ് ഓഫീസുകള്‍ ഇത് നിര്‍ത്തിവച്ചതോടെയാണ് ബുദ്ധിമുട്ടുതുടങ്ങിയത്.  പലപ്പോഴും തിരക്കും സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷനിലെ ഓണ്‍ലൈന്‍ തകരാറും മൂലം ഹെഡ് പോസ്റ്റ് ഓഫീസില്‍ മിക്കപ്പോഴും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസം അനുഭവപ്പെടുന്നുണ്ട്.

മുന്‍പ് ജില്ലയില്‍ മിക്ക പോസ്റ്റ് ഓഫീസുകളിലും ലഭിച്ചുകൊണ്ടിരുന്ന സേവനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. പരവൂര്‍ , കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, പാരിപ്പളളി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ ഉണ്ടെങ്കിലും ഇവിടെയൊന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. മുന്‍പ് നല്‍കിയുന്ന സേവനം പോലും പലരും നിര്‍ത്തിവച്ചിരിക്കുകയാണ് . കുടിവെളളം മുതല്‍ പുതിയതും പഴയതുമായ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കാനും  ഇപ്പോള്‍സര്‍ക്കാരുമായി ബന്ധപ്പെട്ട പല സേവനങ്ങള്‍ക്കും നിലവില്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് നാഷണല്‍ സേവിങ്‌സ്  സര്‍ട്ടിഫിക്കറ്റ് വേണം എന്നാണ് പുതിയ നിയമം.വാഹന രജിസ്‌ട്രേഷന്റെ ആവശ്യങ്ങള്‍ക്ക് ആര്‍ ടി ഓഫീസുകളില്‍ എത്തുമ്പോഴാണ് പലരും ഈ നിയമങ്ങള്‍ അറിയുന്നതും.

സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാഹനരജിസ്‌ട്രേഷന്‍ നടക്കില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ രജിസ്‌ട്രേഷന്‍  മുടങ്ങിയ വാഹന ഉടമകളും ഉണ്ട്. നിയമം  നിലവില്‍ വന്നതോടെ  വാഹനഉടമകള്‍ ഉള്‍പ്പടെയുളള സധാരണക്കാരാണ് വലയുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട് നടക്കേണ്ട രജിസ്‌ട്രേഷന്‍ ഉള്‍പടെയുളള പല ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ എന്‍ എസ് സി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 100 രൂപ മുതലുളള സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ്  പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ട് എടുക്കേണ്ടത്. രജിസ്‌ട്രേഷനുള്ള വസ്തുക്കളുടെ  തുക ഉയരുന്നതിനനുസരിച്ച് പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്‌ക്കേണ്ടുന്ന തുകയും വര്‍ദ്ധിക്കും.സര്‍ട്ടിഫിക്കറ്റിനായി പോസ്റ്റ് ഓഫീസില്‍ അപേക്ഷയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും   നല്‍കണം.

എന്നാല്‍ നിലവില്‍ പേസ്റ്റ് ഓഫീസില്‍ അക്കൗണ്ട്  ഉളളവര്‍ക്ക് ഈ അപേക്ഷ നല്‍കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും.  ഇതൊന്നും പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പറയാറില്ല. സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാര്‍ കൂടിയതോടെ പല പോസ്റ്റ് ഓഫീസുകളും എന്‍ എസ് സി നല്‍കിയിരുന്നത്   നിര്‍ത്തി വച്ചു. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുളള സേവനങ്ങള്‍ ലഭ്യമാണെന്നും  കമ്പ്യൂട്ടര്‍  പരിജ്ഞാന കുറവാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് പിന്നിലെന്നും ആരോപണമുയരുന്നു.
മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത ജീവനക്കാരുടെ കുറവ്  പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആരോപണം ഉണ്ട്.

ഫീസില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നതോടെ പോസ്റ്റ് ഓഫീസുകളുടെ  ദൈനംദിനപ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുകയാണ്.  100 രൂപയുടെ അക്കൗണ്ടിന് എത്തുന്നവരോട് ഇവിടെ നൂറിന്റെ അക്കൗണ്ട് ഇല്ലെന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പല പോസ്റ്റ് ഓഫീസുകളും വരുന്നവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. പോസ്റ്റ് ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളാകവെ ജീവനക്കാര്‍ ജനങ്ങളെ  പന്ത് തട്ടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതി ഉയരുന്നു.

Related posts