കല്ലായ്-ചെറുവത്തൂര്‍ പാതയില്‍ വൈദ്യുതി ട്രെയിനിന്റെ സ്പീഡ് റണ്ണിംഗ് വിജയകരം

kkd-kallaiകോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ മലബാറില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടാന്‍ ഗ്രീന്‍ സിഗ്നല്‍ തെളിഞ്ഞു. വൈദ്യുതീകരണം പൂര്‍ത്തിയായ കല്ലായ്-ചെറുവത്തൂര്‍ പാതയില്‍ ഇന്നലെ സ്പീഡ് റണ്ണിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ദക്ഷിണമേഖലാ റെയില്‍വേ സുരക്ഷാവിഭാഗം കമ്മീഷണര്‍ എസ്.കെ. മിത്തല്‍ സംതൃപ്തി അറിയിച്ചു.

300 കിലോമീറ്റര്‍ പാതയ്ക്കുപുറമെ വൈദ്യുതി പ്രസരണത്തിനായി നിര്‍മിച്ച സബ് സ്‌റ്റേഷനുകളും സ്വിച്ചിംഗ് പോസ്റ്റുകളും ലെവല്‍ ക്രോസുകളും മേല്‍പ്പാലങ്ങളും അദ്ദേഹം പരിശോധിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ റെയില്‍വേ ട്രാക്കിനു മുകളിലുടെയുള്ള ലൈനുകളും പരിശോധിച്ച് അപകടകരമല്ലെന്ന് വിലയിരുത്തി. റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറിയതിനുശേഷമായിരിക്കും സ്ഥിരമായി ഓടിക്കുന്ന കാര്യം തീരുമാനിക്കുക. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പ്രത്യേക ട്രെയിനിലാണ് ഇന്നലെ രാവിലെ ഒമ്പതിന് ഉദ്യോഗസ്ഥര്‍ കല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. 9.15ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് എലത്തൂര്‍ സബ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. വൈകുന്നേരം 4.30ന് ചെറുവത്തൂരില്‍ എത്തി. ചെറുവത്തൂരില്‍ നിന്നും തിരിച്ചു കല്ലായിയിലേക്ക് വൈദ്യുതി എന്‍ജിനാണ് ഘടിപ്പിച്ചത്.

6.30ന് കല്ലായിയില്‍ തിരികെയെത്തി. ദക്ഷിണ റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആര്‍.കെ.കുല്‍ക്ഷേത്ര, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഓഫീസര്‍ സത്യനാരായണ, ചീഫ് ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യുഷന്‍ എന്‍ജിനിയര്‍ ചന്ദ്രശേഖര്‍, കെ. പളനി, ഇ. ശ്രീനിവാസന്‍, എസ്. ജയകൃഷ്ണന്‍, വി.കെ. മനോഹരന്‍, ടി.സി. ജോസ്, എ.താമരശെല്‍വന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Related posts