ന്യൂഡല്‍ഹി: ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റാ അവതരിപ്പിച്ച ഹാച്ച് ബാക്ക് കാറായ തിയാഗോ ഉടന്‍ പുറത്തിറങ്ങുന്നു. നേരത്തേ സിക്ക എന്ന പേരില്‍ പ്രഖ്യാപിച്ച കാറാണിത്. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളിലാണ് തിയാഗോ ഇറങ്ങുക. വാഹന നിര്‍മാതാക്കളുടെ ഗിയര്‍ഡ് ഫോര്‍ ഗ്രേറ്റ് എന്ന കാമ്പയിന്റെ ഭാഗമായി ഇറങ്ങിയ മാരുതി സെലേറിയോ ആണ് തിയാഗോയുടെ മുഖ്യ എതിരാളി. പുതിയ സിഇഒയും എംഡിയുമായ ഗുണ്ടര് ബുച്ചെകിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണിത്.
നവീകരിച്ച ഇന്‍ഡിക്ക പ്ലാറ്റ്ഫോമില്‍ തയാറാക്കുന്ന തിയാഗോയ്ക്ക് ആകെമൊത്തം പുതുരൂപമാണു നല്‍കിയിരിക്കുന്നത്. ടാറ്റായുടെ നാനോയ്ക്കും ബോള്‍ട്ടിനും ഇടയിലുള്ള പതിപ്പാണിത്.
പുതിയ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് തിയാഗോയ്ക്കായി തയാറാക്കിയിരിക്കുന്നത്. അഞ്ചു ഗിയറുള്ള വാഹനത്തിന്റെ സ്റ്റാന്‍ഡേഡ് വേര്‍ഷനാണ് ഇപ്പോള്‍ ഇറക്കുക. പിന്നീട് എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്സ്മിഷന്) കാറുകള്‍ ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വില നാലു ലക്ഷം രൂപ മുതല്‍.