‘ആപ്പ്’ സിപിഎമ്മിന് ആപ്പാകുമോ ? ആലത്തൂരില്‍ രമ്യാ ഹരിദാസിന് പിന്തുണ പ്രഖ്യപിച്ച് ആം ആദ്മി പാര്‍ട്ടി; കഴിഞ്ഞ തവണ കേരളത്തില്‍ കരുത്തു തെളിയിച്ച ആംആദ്മി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ ആശങ്കയിലാക്കുന്നു…

ആലത്തൂരില്‍ ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് അപ്രതീക്ഷിത തിരിച്ചടിയുമായി ആംആദ്മി പാര്‍ട്ടി. ആലത്തൂരില്‍ ഇത്തവണ ആപ്പ് രമ്യാ ഹരിദാസിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ട് നേടുകയും ചെയ്ത ആപ്പിന്റെ പിന്തുണ രമ്യാ ഹരിദാസിന് ആശ്വാസമാകുമെന്നുറപ്പാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂരില്‍ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോകാനായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആപ്പിന്റെ പിന്തുണ കൂടിയാകുമ്പോള്‍ രമ്യയുടെ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആലത്തൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രചരണ പോരാട്ടം ആരംഭിച്ചത്.പിന്നീട് വികസനവും ദേശീയ രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി.എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള മേല്‍ക്കൈ പ്രചരണത്തിലൂടെ മറികടക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതിനിടെയാണ് ആംആദ്മിയുടെ പിന്തുണയെത്തുന്നത്. ആംആദ്മിയുടെ കേരള കണ്‍വീനറായ സി ആര്‍ നീലകണ്ഠനാണ് പിന്തുണ പ്രഖ്യാപിച്ചത്. രമ്യയെ പോലൊരു സ്ഥാനാര്‍ത്ഥി എംപിയാകേണ്ടത് ചരിത്രത്തിന്റെ ആവശ്യമെന്ന് സിആര്‍ നിലകണ്ഠന്‍ വിശദീകരിക്കുന്നു. പ്രവര്‍ത്തനത്തിലൂടെ മികവ് കാട്ടിയ രമ്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞാണ് നീലകണ്ഠന്റെ പിന്തുണ പ്രഖ്യാപനം. ഇത് രമ്യാ ഹരിദാസിന്റെ ആത്മവിശ്വാസം കൂട്ടുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും വോട്ടുകള്‍ രമ്യയിലേക്ക് അടുപ്പിക്കുന്നതാണ് ആംആദ്മി തീരുമാനം. കേരളത്തില്‍ രമ്യയ്ക്ക് മാത്രമാണ് പേരെടുത്ത് പറഞ്ഞ് ആംആദ്മി പിന്തുണ പ്രഖ്യാപിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി. ഹരിദാസന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എല്‍.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷന്‍ ഡിസൈനിങ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്‍ഡ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു കോഴിക്കോട് നിന്ന് ആലത്തൂരിലെത്തി മത്സരിക്കുന്ന രമ്യ പ്രചരണത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പാട്ടിലൂടേയും മറ്റും നാട്ടുകാരെ കൈയിലെടുത്തു. ഇതിനിടെ ഇടത് കണ്‍വീനര്‍ വിജയരാഘവന്റെ പരിഹാസവും എത്തി.

കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ രമ്യ ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ് . 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. ഇതെല്ലാം പരിഗണിച്ചാണ് രമ്യയ്ക്ക് ആംആദ്മി പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട, ഒരു പക്ഷെ ഒരേയൊരു വിഷയമായി വരുന്നത് കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന മോദി നയിക്കുന്ന എന്‍ഡിഎയുടെ ഭരണം തുടരണമോ വേണ്ടയോ എന്നതാണ്. അഖിലേന്ത്യ തലത്തില്‍ നോക്കിയാല്‍ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ആംആദ്മി വിശദീകരിക്കുന്നു. അഴിമതിക്കെതിരായി വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന പാര്‍ട്ടി എന്ന നിലയില്‍ അഴിമതിക്കേസുകളില്‍ പെട്ടവരെയും ആക്രമരാഷ്ട്രീയത്തെയും പിന്തുണക്കില്ലെന്ന് സിആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.

Related posts