15 വര്‍ഷത്തിനിടെ വീടിനു മുന്നിലേക്ക് മറിഞ്ഞുവീണത് 23 വാഹനങ്ങള്‍; തലയ്ക്കു മീതെ അപകടങ്ങളുമായി എസ്.കുമാറും കുടുംബവും

accident

തളിപ്പറമ്പ്: 15 വര്‍ഷത്തിനിടയില്‍ 23 വാഹനങ്ങള്‍ സ്വന്തം വീടിന് മുന്നിലേക്ക് മറിഞ്ഞു വീഴുന്നത് കണ്ട നടുക്കത്തിലാണ് എസ്.കുമാറും കുടുംബവും ജീവിക്കുന്നത്. തളിപ്പറന്പ് ദേശീയപാതയോരത്തെ ചിറവക്കിലുള്ള എസ്.കുമാറിനാണ് ഈ ദുര്‍വിധി. റോഡരികില്‍ വീട് വയ്ക്കുന്‌പോള്‍ അത് നിദ്രയില്ലാ രാത്രികള്‍ തങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് ഈ കുടുംബം കരുതിയതേയല്ല. എന്നാല്‍ ചിറവക്ക് വളവില്‍ നിന്നും
വലിയ ലോറികള്‍ മുതല്‍ കാറും ബൈക്കുകളുമൊക്കെ വീടിന് മുകളിലേക്ക് പറന്നുവീഴുന്ന സ്ഥിതി തുടരുകയാണ്.

എന്നാല്‍ ഇതുവരെ വീടിനും ജീവനും ആപത്ത് വരാതിരുന്നതില്‍ ഈ കുടുംബം ദൈവത്തോട് നന്ദി പറയുന്നു.  ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ മാരുതി ആള്‍ട്ടോകാര്‍ വീട്ടുമുറ്റത്ത് വന്ന് വീണത്. ഭാഗ്യം കൊണ്ടുമാത്രം വീട് രക്ഷപ്പെട്ടു. ഇരിക്കൂര്‍ ചൂളിയാട്ടെ സി.പ്രകാശനും ഭാര്യ രജനിയും മകള്‍ രണ്ടരവയസുകാരി അന്വയയും മാത്രമാണ് കാറിലുണ്ടായിരുന്നത്. മകള്‍ക്ക് പനിയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സക്ക് ശേഷം തിരിച്ചുവരുന്നതിനിടയിലാണ് ടിപ്പര്‍ ലോറിയിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലേക്ക് വീണത്.

കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അല്പം കൂടി മുന്നിലേക്ക് കാര്‍ വീണിരുന്നെങ്കില്‍ വീടിന്‍റെ മുന്‍ഭാഗം തകര്‍ന്നുപോയെനെ. 15 വര്‍ഷത്തിനിടയില്‍ 23ാമത്തെ അപകടമാണ് ഈ വീട്ടിന് നേര്‍ക്ക് വാഹനങ്ങള്‍ മറിഞ്ഞ്് ഉണ്ടാകുന്നതെന്ന് വീട്ടുടമ എസ്.കുമാര്‍ പറഞ്ഞു. മഴക്കാലത്ത് മഴവെള്ളവും ചെളിയും ഇരച്ചുകയറി വീട്ടു സാമഗ്രികള്‍ നശിക്കുന്ന സ്ഥിതിയും ഇവര്‍ക്കുണ്ട്.
അപകടം കണ്ട് ഇതുവഴി കടന്നുപോവുകയായിരുന്ന മന്ത്രി കടന്നപ്പള്ളി  രാമചന്ദ്രന്‍ കാര്‍ നിര്‍ത്തി വീട്ടിലെത്തി  പ്രശ്‌നങ്ങള്‍ അന്വേഷിച്ചു.

തളിപ്പറന്പ് സി ഐയെ വിളിച്ചു വരുത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിക്കുകയും റോഡരികില്‍ ആവശ്യമായ സുരക്ഷാ ഭിത്തികള്‍ നിര്‍മിച്ച് വീട്ടുകാരുടെ ഭീതി ഒഴിവാക്കാന്‍ ജില്ലാ കളക്ടരോട്  ആവശ്യപ്പെടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.    മന്ത്രിയുടെ ഉറപ്പില്‍ വിശ്വസിച്ച് ദേശീയപാത അധികൃതര്‍ ഇനിയെങ്കിലും സുരക്ഷാഭിത്തി നിര്‍മ്മിക്കുമെന്ന വിശ്വാസത്തിലാണ് എസ്.കുമാറും കുടുംബവും.

Related posts