കണ്ണൂർ: വാഹനാപകടത്തിൽ ജീവന്റെ തുടിപ്പ് അവസാനിക്കും മുമ്പ് മരണാനന്തര അവയവദാനം നടത്തി അർജുൻ (23) യാത്രയായി. ചെങ്ങളായി വളക്കൈ മാടത്താനി കുന്നിലെ ഗണേശൻ – തങ്കമണി ദമ്പതികളുടെ മകൻ അർജുൻ ഇനി പ്രിയപ്പെട്ടവരുടെ ഓർമകളിൽ മാത്രമല്ല പകുത്ത് നൽകിയ അവയവങ്ങളിലൂടെ പല മനുഷ്യരിലും ജീവിക്കും.
ഹൃദയവും കരളുമടക്കം അർജുന്റെ നാല് അവയവങ്ങളാണ് മാറ്റുള്ളവരിൽ മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷക മരണം സംഭവിച്ച അർജുന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ 28ന് രാത്രി ഒന്നോടെ വളക്കൈ പാലത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. അർജുൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിക്കുകയായിരുന്നു.അപകടശേഷം നിർത്താതെ പോയ പിക്കപ്പ് വാഹനത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ അർജുനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അര്‍ജുന്റെ ഹൃദയം ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലേക്കാണ് ഹൃദയം എത്തിച്ചത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48 കാരന് ഹൃദയം മാറ്റിവയ്ക്കും. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൃക്കകള്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യും.ഇന്നലെയാണ് അര്‍ജുനന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം വളക്കൈയിലെ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ആര്യയാണ് അർജുന്റെ സഹോദരി.
