വളരെ വേദനയോടെയാണ് മകള്‍ക്കു കാന്‍സറാണെന്ന സത്യം ഞാന്‍ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാന്‍ തയാറായില്ല; നടി കസ്തൂരിയുടെ വെളിപ്പെടുത്തല്‍…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായിരുന്നു കസ്തൂരി രവികുമാര്‍. കസ്തൂരിയുടെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി സ്വാമി-2ന്റെ ട്രെയിലറിനെ ട്രോളി വിക്രം ആരാധകരുടെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ശ്രീദേവിയുടെ മരണത്തെ ട്രോളിയും താരം പുലിവാല്‍ പിടിച്ചു.എന്നാല്‍ ഇപ്പോള്‍ കസ്തൂരി വെളിപ്പെടുത്തിയ കാര്യം ആരാധകരുടെ കണ്ണു നിറയ്ക്കുകയാണ്.

തന്റെ എല്ലാമായ മകള്‍ക്ക് കാന്‍സര്‍ ബാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് കസ്തൂരി. ആ കാലഘട്ടത്തെ തരണം ചെയ്തത് കണ്ണുനീരോടെയാണ് താരം ഓര്‍ത്തെടുത്തത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.”മകള്‍ ഒന്നും കാലുതെറ്റി വീണാല്‍ നെഞ്ച് തകരുന്നവരാണ് നമ്മള്‍ അമ്മമാര്‍.

മകള്‍ക്കു തീരെ വിശപ്പില്ലാതെ ആയപ്പോഴാണ് അവളെയൊന്ന് ഉപദേശിക്കണമെന്ന മുഖവരയോടെ സുഹൃത്തായ ഡോക്ടറുടെ അടുക്കല്‍ ഞാന്‍ അവളെ കൊണ്ടു പോയത്. അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് എന്റെ ജീവിതത്തില്‍ ഉണ്ടായത്. ഡോക്ടര്‍ സംശയം പറഞ്ഞതിനെ തുടര്‍ന്ന് അവളെ ചെക്കപ്പിനു വിധേയയാക്കി. വളരെ വേദനയോടെയാണ് മകള്‍ക്കു കാന്‍സറാണെന്ന സത്യം ഞാന്‍ മനസിലാക്കിയത്. എന്നിലെ അമ്മ അത് അംഗീകരിക്കാന്‍ തയാറായില്ല. ഡോക്ടര്‍ക്കും വൈദ്യശാസ്ത്രത്തിനും തെറ്റുപറ്റിയെന്നു തന്നെ ഞാന്‍ വിശ്വസിച്ചു. ഭ്രാന്തിയെ പോലെ ഞാന്‍ അലറി കരഞ്ഞു.

ഒരുപാട് ഗുളികകള്‍ കഴിക്കണമായിരുന്നു. പല ഡോക്ടര്‍മാരെയും ഞാന്‍ മാറി മാറി കാണിച്ചു. പല വിദഗ്‌ദോപദേശങ്ങളും തേടി. ഒടുവില്‍ അവര്‍ പറഞ്ഞു സ്റ്റംസെല്‍ മാറ്റിവയ്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാന്‍ തകര്‍ന്നുപോയി. എന്റെ ഭര്‍ത്താവും ഡോക്ടറാണ്. കാന്‍സര്‍ ചികിത്സയ്ക്ക് ഒപ്പം തന്നെ ആയുര്‍വേദവും പരീക്ഷിക്കാമെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. എന്റെ മകളോട് രോഗത്തെ കുറിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നില്ല. ഒന്നും അറിയില്ലെങ്കിലും ഞങ്ങള്‍ പറയുന്നത് അക്ഷരം പ്രതി അവള്‍ അനുസരിച്ചു. പനിയ്ക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകള്‍ കഴിച്ചു.

കീമൊതെറാപ്പിയും കഴിഞ്ഞു മുടിയുമെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കാണുമ്പോള്‍ എന്റെ നെഞ്ചു പൊട്ടുമായിരുന്നു. അവള്‍ കഴിഞ്ഞ ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന മറ്റു കുഞ്ഞുങ്ങളെ കണ്ടതോടെയാണ് അമിതമായി എന്റെ അവസ്ഥയെ മാത്രം പഴിക്കുന്ന സ്വഭാവം ഞാന്‍ മാറ്റിയത്. രണ്ടര വര്‍ഷത്തെ ചികിത്സയും 5 വര്‍ഷത്തെ നിരീക്ഷണവും കഴിഞ്ഞ് നിങ്ങളുടെ മകളുടെ രോഗം മാറി എന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് പുനര്‍ജന്മം കിട്ടിയത് പോലെയായിരുന്നു.

ഇന്ന് എന്റെ മകള്‍ ഏഴാംക്ലാസുകാരിയാണ് നീണ്ടകാലത്തെ ചികിത്സയും മരുന്നുകളുടെ പാര്‍ശ്വഫലവും കൊണ്ട് അവളുടെ എല്ലുകള്‍ ശോഷിച്ചിരുന്നു. നല്ല നര്‍ത്തകിയാകണമെന്നാണ് അവളുടെ ആഗ്രഹം. അതിജീവനത്തിന്റെ പാഠങ്ങള്‍ എനിക്കു പറഞ്ഞു തന്നത് എന്റെ മകളാണ്. തളരരുത് എന്ന് അവള്‍ ഓേേരാ നിമിഷവും എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. അനുകമ്പയോടെ ഒരു നോട്ടം പോലും അവള്‍ക്ക് കിട്ടുന്നത് ഞാനും ഇഷ്ടപ്പെട്ടില്ല. അവളുടെ കൂട്ടുകാര്‍ക്കോ മറ്റുളളവര്‍ക്കോ രോഗത്തെ കുറിച്ച് അറിയുമായിരുന്നില്ല. ഒത്തൊരുമയോട് ആ വലിയ ദുരന്തത്തെ ഞങ്ങള്‍ മറിക്കടന്നു.” ആത്മവിശ്വാസത്തോടെ കസ്തൂരി പറയുന്നു. ശോഭിനി എന്ന മകളെ കൂടാതെ സങ്കല്‍പ്പ് എന്ന മകനും കസ്തൂരിയ്ക്കുണ്ട്.

Related posts