അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക സൂപ്പറാക്കി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം കളിയിലെ താരമായ മത്സരത്തിൽ 23 പന്തുകൾ ബാക്കി നിൽക്കേ പ്രോട്ടീസ് ഒന്‍പത് വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയെ 76 റണ്‍സിന് പരാജയപ്പെടുത്തിയ പ്രോട്ടീസ് ഇതോടെ സെമി ഏകദേശം ഉറപ്പാക്കി. സിംബാബ്വെയ്ക്ക് എതിരായ അടുത്ത മത്സരത്തിൽ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കു ഗ്രൂപ്പ് ഒന്ന് ചാന്പ്യന്മാരാകാം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.
അതേസമയം, പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ സിംബാബവെയെ 107 റണ്‍സിന് പരാജയപ്പെടുത്തിയ വിൻഡീസിന്റെ സെമി സാധ്യതകൾ മങ്ങിയിട്ടില്ല. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ നേരിടും.
സണ്‍ഡേ അറിയാം
ഞായറാഴ്ച സെമി ഫൈനൽ ചിത്രം വ്യക്തമാകും. ഗ്രൂപ്പ് ഒന്ന് ചാന്പ്യൻ പട്ടം ഉറപ്പിക്കാൻ സിംബാബ്വെയ്ക്കെതിരേ ദക്ഷിണാഫ്രിക്ക ഇറങ്ങും. അന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ നേരിടും. ഗ്രൂപ്പിലെ ജീവന്മരണ പോരാട്ടം.
കളി മറന്ന് വിൻഡീസ്
ഏത് സാഹചര്യവും ആഘോഷംകൊണ്ടു നേരിടുന്ന വിൻഡീസ് ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ തണുപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 10.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 83 റണ്‍സ് എന്ന നിലയിലേക്ക് വീണു.
തുടർന്ന് റിക്കാർഡ് കൂട്ടുകെട്ടിലൂടെ റൊമാരിയോ ഷെപ്പേർഡ് (37 പന്തിൽ 52) – ജേസണ്‍ ഹോൾഡർ (31 പന്തിൽ 49) സഖ്യമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 89 റൺസ് പിറന്നു. ട്വന്റി-20 ലോകകപ്പിൽ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
ബ്രണ്ടൻ കിംഗ് (21), ഷായ് ഹോപ് (16), ഷിംറോണ്‍ ഹെറ്റ്മെയർ (2), റോവ്മാൻ പവൽ (9), റോസ്റ്റണ്‍ ചേസ് (2), ഷെർഫേയ്ൻ റൂഥർഫോർഡ് (12), മാത്യു ഫോർഡ് (11) എന്നിവർ വേഗത്തിൽ മടങ്ങി. ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റ് നേടിയപ്പോൾ കഗിസോ റബാഡയും കോർബിൻ ബോഷും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടു വിക്കറ്റ് വീതം നേടി.
മാർക്രം മാറ്റ്
മാറ്റ് കുറയാത്ത വെടിക്കെട്ടുമായി എയ്ഡൻ മാർക്രം (46 പന്തിൽ 82 നോട്ടൗട്ട്) കളം നിറഞ്ഞപ്പോൾ വിൻഡീസിനു മറുപടിയില്ലാതായി. ക്വിന്റൻ ഡി കോക്കും (24 പന്തിൽ 47) മാർക്രവും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് എട്ട് ഓവറിൽ 95 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. തുടർന്ന് റയാൻ റിക്കിൾട്ടണ് (28 പന്തിൽ 45 നോട്ടൗട്ട്) മാർക്രത്തിനൊപ്പം ചേർന്ന് 16.1 ഓവറിൽ മത്സരം വിജയിപ്പിച്ചു. മാർക്രമാണ് പ്ലെയർ ഓഫ് ദ മാച്ച്.
ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് (33) എന്ന റിക്കാർഡ് ഇനി ഡി കോക്കിനു സ്വന്തം. എബി ഡിവില്യേഴ്സിനെയാണ് (30) പിന്തള്ളിയത്. ലോകകപ്പിൽ പ്രോട്ടീസിനായി ഏറ്റവും കൂടുതൽ അർധസെഞ്ചുറിയെന്ന റിക്കാർഡ് മാർക്രവും (6) സ്വന്തമാക്കി.
