ഇത്രയ്ക്ക് ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ബേബി?! മീടു ആരോപണത്തില്‍ കുടുങ്ങിയ അലന്‍സിയറെ സ്വന്തം കഥാപാത്രത്തിന്റെ ഡയലോഗ് ഉപയോഗിച്ച് പരിഹസിച്ച് സോഷ്യല്‍മീഡിയ; ട്രോള്‍ പെരുമഴ

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ അലന്‍സിയറിനെതിരെയും മീടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പേരു വെളിപ്പെടുത്താത്ത മലയാള സിനിമയിലെ തന്നെ യുവനടി ഗുരുതരമായ ആരോപണങ്ങളാണ് നടനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്‌സൈറ്റിലാണ് അലന്‍സിയര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്.

അലന്‍സിയറുടെ മുഖംമൂടി തനിക്ക് വലിച്ചുകീറണമെന്നും തുടക്കക്കാരിയായതു കൊണ്ടാണ് പേരു വെളിപ്പെടുത്താതെ ഞാന്‍ എഴുതുന്നതെന്നും യുവതി പറഞ്ഞു. അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്. നടി പറഞ്ഞു.

യുവനടിയുടെ ആരോപണം പുറത്തു വന്നെങ്കിലും അലന്‍സിയറുടെ പ്രതികരണം ഒന്നും എത്തിയിട്ടില്ല. സിനിമാ മേഖലയിലെ ആരും തന്നെ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ അലന്‍സിയര്‍ക്കെതിരെ വ്യാപക പരിഹാസങ്ങളാണ് ഉയരുന്നത്. സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്ന അലന്‍സിയറിന് ഇങ്ങനെയൊരു മുഖം കൂടി ഉണ്ടായിരുന്നതായി അറിഞ്ഞില്ലെന്നാണ് ആളുകള്‍ പറയുന്നത്.

അലന്‍സിയര്‍ മികച്ച പ്രകടനം കാഴ്ചവച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം അലന്‍സിയറുടെ കഥാപാത്രത്തോടെ പറയുന്ന ഡയലോഗ് ഉപയോഗിച്ചാണ് പലരും അലന്‍സിയറെ പരിഹസിക്കുന്നത്. ‘ ഇത്ര ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി?’ എന്ന്.

Related posts