‘നിനക്കൊക്കെ സ്റ്റൈപന്‍ഡ് കാശ് അങ്ങോട്ട് വാങ്ങിയല്ലേ ശീലമുള്ളൂ’ എന്ന് നടത്തിപ്പുകാരി; ചവറുവാരിയുടെ മകള്‍ എന്നും ആക്ഷേപിച്ചു; ഐപിഎംഎസ് ഏവിയേഷന്‍ കോളജില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തില്‍ ട്രെയിനിംഗിന് കൊണ്ട് പോയി സഹപ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് പരാതി നല്‍കിയതോടെ സ്ഥാപനത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ സ്ഥാപനത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. നേരത്തെയും സ്ഥാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും മാനേജ്‌മെന്റിന്റെ ഭീഷണിയെത്തുടര്‍ന്ന് പരാതികള്‍ പുറംലോകം കണ്ടില്ല.

ഇപ്പോള്‍ സര്‍ക്കാര്‍ ഈ സ്ഥാപനത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വിദ്യാര്‍ത്ഥികളും കൂടുതല്‍ പരാതികളുമായി രംഗത്ത് ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ അരങ്ങേറുന്ന കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി തമ്പാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സമ്പത്തിന് പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ലക്ഷങ്ങള്‍ ഫീസ് വാങ്ങി നടത്തിക്കൊണ്ടിരുന്ന സ്ഥാപനത്തില്‍ നടത്തിയിരുന്ന കോഴ്‌സുകള്‍ക്ക് യാതൊരു അംഗീകാരവുമില്ലായിരുന്നെന്നും പരസ്യത്തില്‍ പറഞ്ഞതുപോലെയുള്ള സൗകര്യങ്ങളും ഇവിടെ ഇല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കോളജില്‍ പിന്നോക്ക- ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കടുത്ത മാനസിക പീഡനമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജാതിയധിക്ഷേപം പതിവാക്കിയ ഈ സ്ഥാപനത്തിന് നിലവില്‍ അംഗീകാരമില്ലെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ട്രെയിനിങ്ങിന് കോഴിക്കോടെത്തിയ മരുതന്‍ കുഴി തച്ചങ്കരി സ്വദേശിനി കെട്ടിടത്തില്‍ നിന്നും വീണ സംഭവത്തോടെ വിവാദത്തിലായ തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലെ ഐപിഎംഎസ് എന്ന ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥികളും കടുത്തമാനസിക സംഘര്‍ഷത്തിലാണ് ഇപ്പോഴുള്ളത്. സ്ഥാപനത്തിന്റെ എംഡി എന്നു പറയപ്പെടുന്ന സെയ്ദ് ഇബ്രാഹിമിനെ വിദ്യാര്‍ഥികളാരും ഇന്നേവരെ കണ്ടിട്ടില്ല.

ഇയാളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് മാനേജരായ നടത്തിപ്പുകാരിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചെറിയ തെറ്റുകള്‍ക്ക് പോലും അയ്യായിരം രൂപ പിഴയും ജാതിയധിക്ഷേപവും പതിവാണ്. കോഴിക്കോട് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സഹവിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് നടത്തിപ്പുകാരി നിരന്തരമാനസിക പീഡനം നടത്തി. മാസങ്ങള്‍ക്ക് മുമ്പ് വയറു വേദനയെത്തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടു പോയ മൂന്ന് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു പുറമേ അപവാദവും പറഞ്ഞു പരത്തി.

ഒരു ദിവസം ക്ലാസ്സില്‍ വരാതിരുന്നതിന് ഈ കുട്ടിക്ക് 5000 രൂപ പിഴ തീരുമാനിച്ചു. ഇത് അടക്കാന്‍ കഴിയാതെ വന്നതിനാല്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിര്‍ത്തി ‘ ചവറു വാരിയുടെ മകള്‍ ‘ എന്ന് പരിഹസിച്ചു. ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭയപ്പെടുത്തി ഇത്തരത്തില്‍ പരിഹസിക്കാന്‍ മറ്റു വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിച്ചു.ഫീസ് അടയ്ക്കാന്‍ ഒരു ദിവസം താമസിച്ചാല്‍ കുട്ടികള്‍ കടുത്ത അവഹേളനവും കനത്ത പിഴയും നേരിടേണ്ടി വരും.’നിനക്കൊക്കെ സ്റ്റൈപന്‍ഡ് കാശ് അങ്ങോട്ട് വാങ്ങിയല്ലേ ശീലമുള്ളൂ’ എന്ന് പറഞ്ഞ് പിന്നോക്ക – ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ പരസ്യമായി നടത്തിപ്പുകാരി അപമാനിച്ചിരുന്നു. നടത്തിപ്പുകാരിയുടെ ചെയ്തികള്‍ക്ക് ഒപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, യൂണിവേഴ്‌സിറ്റി അയക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കും. എതിര്‍ക്കുന്നവരുടെ ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചും പരീക്ഷാപേപ്പറും രജിസ്റ്റര്‍ നമ്പരും വെട്ടിതിരുത്തിയും തോല്‍പിക്കും. പുറമെ ജാതിയധിക്ഷേപവും അവഗണനയും.ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ നിന്നും കാണാതാകുന്നതും പതിവാണ്.

വനിതാ കമ്മീഷനില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ മുമ്പ് പരാതി അയച്ചിരുന്നെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ റഗുലര്‍ കോഴ്‌സ് എന്ന് തെറ്റിദ്ധരിപ്പിച്ച് നാലു ലക്ഷത്തോളം രൂപയും എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും നടത്തിപ്പുകാരി കൈക്കലാക്കിയതായും വിദ്യാര്‍ത്ഥികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിലവില്‍ ഇവിടെയുള്ള കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്നാണ് വിവരം.

ഹാജര്‍ കുറവ് ആരോപിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് 5000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പണം നല്‍കിയാല്‍ തന്നെ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ സ്ഥാപനത്തിന്റെയോ ഒരു റസീപ്റ്റും നല്‍കുകയുമില്ല. സ്ഥാപനത്തെക്കുറിച്ച് ഇത്രയും പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ അലി അക്‌സര്‍ പാഷയെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ ക്‌ളാസ് നടക്കുന്നില്ല. അത്‌കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും അവരുടെ നാടുകളിലേക്ക് പോയി. വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ അഞ്ച് പെണ്‍കുട്ടികളെ നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. മാനസികമായി പീഡിപ്പിച്ചതിനും ദേഹോപദ്രവും ചെയ്തതിനും പട്ടികജാതിക്കാരി എന്നനിലയില്‍ അപമാനിച്ചതിനുമാണ് പൊലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്. ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യംവീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്‌സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയവീട്ടില്‍ ആതിര (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മഞ്ചേരിയിലെ സ്‌പെഷ്യല്‍ എസ്.സി/എസ്.ടി. കോടതിയില്‍ ഹാജരാക്കിയത്.

 

 

Related posts