ഇന്ധനവിലവര്‍ധനവും വിലക്കയറ്റവുമൊന്നും ഒരു പ്രശ്‌നമല്ല ! അമ്മച്ചിക്കടയില്‍ ഇപ്പോഴും ദോശയ്ക്ക് ഒരു രൂപ…

ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി.

നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും.

എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്.

ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം.

മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി.

എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില.

ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍ വിറകടുപ്പില്‍ ചുട്ടെടുക്കുന്ന ദോശയ്ക്ക് ഒരു രൂപ മാത്രമാണ് വര്‍ഷങ്ങളായി വില.

വടയ്ക്ക് മൂന്നുരൂപ. ചായക്കാണെങ്കില്‍ ഏഴുരൂപ. അമ്മച്ചിയുടെ ദോശക്കടയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ ചായക്കടയില്‍ പുലര്‍ച്ചെമുതല്‍ തിരക്കാണ്.

60 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം തുടങ്ങിയത് വത്സലചേച്ചിയുടെ അമ്മ ഭാരതിഅമ്മയാണ്. മൂന്നു പൈസയായിരുന്നു അന്ന് ഒരു ദോശയ്ക്ക് വില.

പിന്നീട് സാധനങ്ങള്‍ക്ക് വിലകൂടുന്നതിനനുസരിച്ച് പലപ്പോഴായി ദോശയ്ക്കും വിലകൂടി. അമ്പതുപൈസയായിരുന്നു മൂന്നു വര്‍ഷം മുമ്പുവരെ ദോശയ്ക്ക്.

പിടിച്ചുനില്‍ക്കാന്‍ പറ്റാതായപ്പോഴാണ് ഒരു രൂപയാക്കിയത്. 95 കഴിഞ്ഞ ഭാരതിഅമ്മ പ്രായാധിക്യത്തിനൊപ്പം വീണ് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇപ്പോള്‍ കടയിലേക്ക് വരാറില്ല.

മകള്‍ വത്സലയ്ക്കും മരുമകന്‍ അനില്‍കുമാറിനുമാണ് കടയുടെ ചുമതല. മകളെ കട ഏല്‍പിച്ചപ്പോള്‍ ഭാരതിഅമ്മ ഒരു കാര്യമേ പറഞ്ഞുള്ളൂ, വിലകൂട്ടി കൂടുതല്‍ ലാഭം ഉണ്ടാക്കരുതെന്ന്.

മകളും മരുമകനും അമ്മയുടെ വാക്ക് അതേപടി പാലിക്കാന്‍ തയ്യാറായാതാണ് മറ്റ് കടകളില്‍ നിന്ന് അമ്മച്ചിക്കടയെ വ്യത്യസ്ഥമാക്കുന്നത്.

അടുത്തബന്ധുവിന്റെ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി ചായക്കട പ്രവര്‍ത്തിക്കുന്നത്. വിറകടുപ്പിലെ പാചകമായതിനാല്‍ ചെലവും കുറവ്.

ജോലിക്കാര്‍ ആരും ഇല്ലാത്തതിനാല്‍ കൂലി ചെലവുമില്ല. കുറഞ്ഞ ചെലവില്‍ ഭക്ഷണം കൊടുക്കുന്നതിന്റെ ഗുട്ടന്‍സ് ഇതൊക്കെയാണ്.

തൊട്ടടുത്ത ജംഗ്ഷനില്‍ ദോശയ്ക്ക് 5 രൂപയും വടകള്‍ക്ക് ഏഴുരൂപയും ചായയ്ക്ക് 10 രൂപയും വില ഈടാക്കുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തിയാല്‍ ലാഭമുണ്ടാകുമോ എന്ന ചോദ്യത്തിന്, 60 വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെയല്ലേ കട നടത്തുന്നതെന്നായിരുന്നു ചെറുപുഞ്ചിരിയോടെ വത്സല ചേച്ചിയുടെ മറുപടി.

മേല്‍പ്പറഞ്ഞവയെക്കൂടാതെ ചെറുപഴം ഒരു രൂപയ്ക്കും,വാഴയ്ക്കാ അപ്പം അഞ്ചു രൂപയ്ക്കും, ചായയും ഉരുളന്‍ കിഴങ്ങ് കറിയും കടലക്കറിയും ഏഴു രൂപയ്ക്കും ഇവിടെ നിന്ന് ലഭിക്കും. എന്തായാലും ഇക്കാലത്ത് ഒരു അതിശയമാണ് അമ്മച്ചിക്കട എന്ന് പറയാതെ വയ്യ.

Related posts

Leave a Comment