എന്റെ ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതാണ്. ചിലതിന് ഞാന്‍ വളരെ ആലോചിച്ച്, ടൈം എടുത്തേ ചെയ്യാറുള്ളൂ. ധൈര്യം പൊതുവെ എനിക്കുണ്ട്. സാഹസികത പൊതുവെ ഇഷ്ടമാണ്. ആരും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യാനും ചെയ്തു നോക്കാനുമൊക്കെ ഇഷ്ടമാണ്. ഇതില്‍ നിന്നായിരിക്കാം കോണ്‍ഫിഡന്‍സ് വന്നത്. കുട്ടിക്കാലത്ത് ഭയങ്കര സൈലന്റായിരുന്നു എന്ന് പപ്പയും മമ്മിയും പറയുന്നതു കേട്ടിട്ടുണ്ട്.
സ്കൂളിലൊക്കെ പഠിച്ചിരുന്നപ്പോള്‍ പാട്ടിലും ഡാന്‍സിലുമൊക്കെ പങ്കെടുക്കുമായിരുന്നു. പണ്ട് പാവമായിരുന്നു, ഇപ്പോഴാണ് ഇങ്ങനെയായതെന്നായിരുന്നു എന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ പപ്പ പറഞ്ഞത്. പണ്ടൊക്കെ ചീത്ത പറഞ്ഞാല്‍ കേട്ട് ചിരിക്കും, ഇപ്പോള്‍ നിന്റെ മുഖത്ത് ഭാവം വരും എന്ന് മമ്മി പറയാറുണ്ട്. അഭിനയിച്ചു തുടങ്ങിയപ്പോഴും സാഹസികത കൂടെയുണ്ട്.
ഡ്യൂപ്പിനെ ഉപയോഗിക്കാതെയൊക്കെ അഭിനയിച്ചിട്ടുണ്ട്. ശിക്കാര്‍ സിനിമയില്‍ ക്ലൈമാക്സില്‍ ഗുണ കേവില്‍ എന്നെ ഹാംഗ് ചെയ്ത് ഇടുന്ന രംഗമുണ്ടായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു പറഞ്ഞത്. നല്ല ആഴമുള്ള കൊക്കയായിരുന്നു. ഡ്യൂപ്പിനെ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല. ആളുടെ മുഖം കാണിക്കില്ലെന്ന് എനിക്കറിയാം, എന്നാലും അവരെ എനിക്കിഷ്ടമായില്ല.
ഡ്യൂപ്പിനെ ഇഷ്ടമായില്ല, ഞാന്‍ ചെയ്യാം എന്ന് പപ്പേട്ടനോട് പറഞ്ഞു. ഷൂട്ടുള്ളതാണ്, എനിക്ക് വേണ്ടത്ര സേഫ്റ്റി സംഭവങ്ങളൊന്നുമില്ല, ഡ്യൂപ്പ് തന്നെ ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലാലേട്ടനും ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എങ്ങനെയൊക്കെയോ അവരുടെ അനുവാദം വാങ്ങിച്ചു. ഇത് റിസ്ക്കാണ്, വേണ്ടെന്ന് ത്യാഗരാജന് മാസ്റ്ററും പറഞ്ഞിരുന്നു. പേടിയൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ പോയി ചെയ്തു. -അനന്യ
