ലണ്ടൻ: ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂ വിൻഡ്സർ മൗണ്ട്ബാറ്റൺ അറസ്റ്റിൽ. അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകളിലെ വെളിപ്പെടുത്തലുകളാണ് അറസ്റ്റിന് ആധാരം.
ആൻഡ്രൂ ബ്രിട്ടീഷ് സർക്കാരിന്റെ വാണിജ്യ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് 2010ൽ സുപ്രധാന രഹസ്യങ്ങൾ എപ്സ്റ്റീനു കൈമാറിയതായി രേഖകളിലുണ്ട്.
തേംസ് വാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. ആൻഡ്രൂ താമസിച്ചിരുന്ന സാൻഡ്രിങ്ങാമിലെ വുഡ്ഫാം എസ്റ്റേറ്റിൽ ആറു കാറുകളിലെത്തിയ സാധാരണ വേഷം ധരിച്ച എട്ട് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ ആഡ്രൂവിന്റെ 66-ാം പിറന്നാളായിരുന്നു.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിന് ജഫ്രി എപ്സ്റ്റീനുമായി ദീർഘകാലം അടുത്ത ബന്ധമുണ്ടായിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ആൻഡ്രൂവും പങ്കാളിയാണെന്ന് ആരോപണമുണ്ട്.
അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിന് എപ്സ്റ്റീൻ രേഖകളിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രാജകുമാരൻ എന്നതടക്കം ആൻഡ്രൂവിന്റെ എല്ലാവിധ രാജകീയ പദവികളും ഉത്തരവാദിത്വങ്ങളും ബ്രിട്ടീഷ് രാജകുടുംബം എടുത്തുകളഞ്ഞിരുന്നു.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നാണ് ആൻഡ്രൂവിന്റെ അറസ്റ്റ് സംബന്ധിച്ച് ചാൾസ് രാജാവ് പ്രതികരിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ബെക്കിങാം കൊട്ടരവും വ്യക്തമാക്കിയിട്ടുണ്ട്.
