ബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചുനൽകാതിരിക്കാൻ വീട്ടമ്മയെ കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽവച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരു നെലമംഗലയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ശോഭ (70)യാണ് പരിചയക്കാരനായ ശിവകുമാറിന്റെ (37) വെട്ടേറ്റു മരിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ചാണു ശിവകുമാർ ഫ്ലാറ്റിലെത്തിയത്. ശോഭ വെള്ളമെടുക്കാൻ പോയപ്പോള്‍ ഇയാള്‍ പിന്നാലെയെത്തി മോഷണശ്രമം നടത്തുകയായിരുന്നു.
സ്വർണമാലയും വളകളും പിടിച്ചുപറിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശോഭയെ കുത്തുകയായിരുന്നു. കൊലപാതകം നടക്കുന്പോൾ 12 വർഷമായി ശരീരം തളർന്നുകിടക്കുന്ന ശോഭയുടെ ഭർത്താവ് നിസഹായനായി തൊട്ടടുത്ത ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.
ഹോൾസെയിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളാണു ശിവകുമാർ. ഇയാൾ ശോഭയിൽനിന്ന് എട്ടു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാതിരിക്കാനും വീട്ടിലെ സ്വർണവും പണവും കവരാനുമായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ അയൽവാസികൾ വന്നപ്പോഴാണ് ശോഭ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.
രക്തത്തിൽ കുളിച്ചുകിടന്നിരുന്ന ശോഭയ്ക്കു സമീപത്തുതന്നെയുള്ള കട്ടിലിൽ തളർന്നുകിടക്കുന്ന ഭർത്താവും ഉണ്ടായിരുന്നു. മുറിയിലെ ടിവിയും പ്രവർത്തിച്ചിരുന്നു. അയൽവാസികൾക്കൊപ്പം പോലീസിനെ സഹായിക്കാൻ പ്രതി ശിവകുമാറും എത്തിയിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
കൊലപാതകശേഷം 450 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി, കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക്, മൊബൈൽ ഫോൺ എന്നിവ പോലീസ് കണ്ടെടുത്തു.
തനിക്കു വൻതോതില്‍ കടബാധ്യതയുണ്ടെന്നും ഇതു തിരിച്ചടയ്ക്കാനുള്ള പണത്തിനുവേണ്ടിയാണ് കവർച്ച നടത്തിയതെന്നും ശിവകുമാർ പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച സ്വർണം പോലീസ് ഇയാളില്‍നിന്നു കണ്ടെടുത്തു.
