ബന്ധം തുടരാന്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നു ! മേലില്‍ അവര്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യം ചെയ്യില്ല; അഞ്ജലി അമീറിന്റെ പരാതി ഒത്തുതീര്‍പ്പാക്കി

മലയാള സിനിമയിലെ പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രി അഞ്ജലി അമീര്‍ അടുത്തിടെ കരഞ്ഞു കൊണ്ട് ഫേസ്ബുക്ക് ലൈവില്‍ വന്നത് ചര്‍ച്ചാവിഷയമായിരുന്നു. ലിവിംഗ് ടുഗെദറില്‍ കൂടെ താമസിക്കുന്നയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഞ്ജലി അന്നു പറഞ്ഞത്. ഏതായാലും ഈ പ്രശ്നം ഇപ്പോള്‍ ഒത്തുതീര്‍ന്നിരിക്കുകയാണ്. മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കൂടെ താമസിച്ചിരുന്ന അനസ് വ്യക്തമാക്കി. താനുമായുള്ള ഒരു തരത്തിലുള്ള ബന്ധവും അഞ്ജലി ആഗ്രഹിക്കാത്തതുകൊണ്ട് ഒരുമിച്ചുള്ള താമസം അവസാനിപ്പിക്കുകയാണെന്നും അനസ് പറഞ്ഞു.

അഞ്ജലിയുടെ സ്‌കൂട്ടര്‍ ഡിസംബര്‍ 21 ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കും. അഞ്ചു ലക്ഷത്തോളം രൂപ അനസ് തനിക്ക് തരാനുണ്ടെന്നായിരുന്നു അഞ്ജലി ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത്. എന്നാല്‍ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് അഞ്ജലി വ്യക്തമാക്കി. ഇവരുടെ രണ്ട് ഡയമണ്ട് റിംഗുകള്‍ അനസ് പണം വെച്ചിരുന്നു. ഇതിന്റെ സ്ലിപ്പ് അഞ്ജലിയെ ഏല്‍പ്പിക്കാമെന്ന് അനസ് പറഞ്ഞു. താനത് പണം കൊടുത്ത് കൈപ്പറ്റിക്കൊള്ളാമെന്ന് അഞ്ജലിയും വ്യക്തമാക്കി.

മാത്രമല്ല അഞ്ജലി താമസിക്കുന്ന വീട്ടില്‍ വരാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് അനസിനെ അറിയിച്ചിട്ടുമുണ്ട്. അങ്ങിനെ ചെയ്താല്‍ കരാര്‍ അവസാനിക്കുമെന്നും സ്വമേധയാ കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങള്‍ കൊണ്ട് ലിവിങ് ടുഗെദറില്‍ ഏര്‍പ്പെടേണ്ടിവന്നു. തനിക്കൊട്ടും താത്പര്യമില്ലാതെയാണ് ഇത്. ആദ്യം അയാള്‍ തന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് താന്‍ അയാള്‍ക്കെതിരേ പോസ്റ്റിടിടുന്നു.

പിന്നീട് അയാള്‍ പറഞ്ഞത് കൂടെ താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. തനിക്ക് ഒരു തരത്തിലും അയാളുടെ കൂടെ ജീവിക്കാന്‍ ആഗ്രഹമില്ല. താന്‍ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമായിരിക്കുമെന്നുമാണ് അഞ്ജലി അന്ന് പറഞ്ഞത്. മാനസികമായി ഇരുധ്രുവങ്ങളിലാണെങ്കിലും തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അഞ്ജലി പറഞ്ഞിരുന്നു.

കോളജില്‍ എന്നെ കൊണ്ടു ചെന്നാക്കാന്‍ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാന്‍ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി അയാള്‍ ഒരു ജോലിക്കും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാള്‍ക്ക്. സത്യത്തില്‍ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ജീവിതം മതിയായെന്നും കരഞ്ഞുകൊണ്ട് അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍ അഞ്ജലിയുടെ സുരക്ഷിതത്വം പരിഗണിച്ചാണ് ഇതുവരെ കൂടെ നിന്നതെന്നും ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് താന്‍ ഇതിനൊക്കെ നിന്നുികൊടുത്തതെന്നും അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണ് എന്നും അനസ് പറഞ്ഞിരുന്നു. എന്തായാലും ഈ പ്രശ്‌നങ്ങളെല്ലാം ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്.

Related posts