വാഷിംഗ്ടൺ ഡിസി: ചരിത്രം സൃഷ്ടിച്ച് ആര്‍ട്ടമിസ് 2. ഭൂമിയില്‍നിന്ന് ഏറ്റവും അധികം ദൂരം മനു ഷ്യൻ സഞ്ചരിച്ച ദൗത്യമെന്ന റിക്കാർഡ് ആർട്ടെമിസ് 2നു സ്വന്തം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.35ന് നാലു യാത്രക്കാരെയും വഹിച്ചുകൊണ്ട് യാത്രാ പേടകമായ ഓറിയോൺ 252,757 മൈല്‍ (ഏകദേശം 4.06 ലക്ഷം കിലോമീറ്റര്‍) എത്തി. ഇതോടെ 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റിക്കാർഡാണ് പഴങ്കഥയായത്.
അപ്പോളോ 13 നാലുലക്ഷം കിലോമീറ്ററാണുസഞ്ചരിച്ചത്. ഇവര്‍ സഞ്ചരിച്ചതിനേക്കാള്‍ 6600 കിലോമീറ്റര്‍ അധികദൂരമാണ് ഓറിയോണ്‍ പേടകം സഞ്ചരിച്ചത്. ബുധനാഴ്ചയാണ് അമേരിക്കക്കാരായ റെയ്ഡ് വീസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരെയും കാനഡക്കാരന് ജെറെമി ഹാന്‍സനെയും വഹിച്ച് ഓറിയോണ്‍ പേടകം യാത്രയാരംഭിച്ചത്.
ചന്ദ്രന്റെ സമീപത്തെത്തിയതോടെ പേടകവുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 4.14നു ചന്ദ്രനു സമീപത്തുകൂടെയുള്ള സഞ്ചാരം ആരംഭിച്ചതോടെ പേടകം പൂര്‍ണമായി ഇരുട്ടിലായി. തുടര്‍ന്ന് ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 04.14 ഓടെ ഭൂമിയുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം 40 മിനിറ്റ് നേരം പേടകം ഇരുട്ടിലായിരുന്നു.
ഭൂമിക്കും പേടകത്തിനും ഇടയിൽ ചന്ദ്രനെത്തിയതുകൊണ്ടാണ് സിഗിനലുകൾ തടസപ്പെട്ടത്. പേടകവുമായി ആശയവിനിമയം നടത്താനുപയോഗിക്കുന്ന നാസയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് ആന്റിനകളിലെ സിഗ്നലിനു ചന്ദ്രനെ കടന്നുപോകാനുള്ള ശേഷിയില്ലാത്തതാണ് ഇതിനു കാരണമായത്. ഈ സാഹചര്യം നാസ നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നതാണ്. മറുഭാഗത്തുവച്ച് കാണാം എന്ന് ഭൂമിയിലെ മിഷൻ കൺട്രോളിനെ അറിയിച്ചാണ് ദൗത്യസംഘം ചന്ദ്രന്റെ ഇരണ്ട വശത്തേക്കു പോയത്.
ചന്ദ്രന് അടുത്തുകൂടെ ആറുമണിക്കൂറാണു പേടകം സഞ്ചരിക്കുക. 53 മിനിറ്റ് നീണ്ട പൂര്‍ണ സൂര്യഗ്രഹണം കാണാൻ യാത്രക്കാർക്കായി. സൂര്യഗ്രഹണ സമയത്തെ സൂര്യന്റെ കൊറോണ നേരില്‍ കാണാനും സഞ്ചാരികള്‍ക്കു സാധിച്ചു. ചൊവ്വ, ബുധന്‍, ശുക്രന്, ശനി ഗ്രഹങ്ങളെ നേരിട്ടു കാണാനും യാത്രക്കാർക്കായി.
ഇതിനു പുറമേ ചന്ദ്രന്റെ ഭ്രമണപഥത്തില്‍നിന്നു ഭൂമിയുടെ ഉദയവും അസ്തമയവും കാണാനും സഞ്ചാരികള്‍ക്കു സാധിച്ചു. അപ്പോളോ 12, 14 പേടകങ്ങളുടെ ചന്ദ്രനിലെ ലാന്‍ഡിംഗ് സൈറ്റുകളും കാണാനായി. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 10.07നാണ് ഓറിയോൺ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്ന്.
നിലവിൽ കാര്യങ്ങളെല്ലാം മുൻനിശ്ചയപ്രകാരമാണ് നടക്കുന്നതെന്ന് നാസ അറിയിച്ചു. 10 ദിവസം നീളുന്ന യാത്രയ്ക്കുശേഷം 10-ന് പേടകം പസിഫിക് സമുദ്രത്തിൽ നിയന്ത്രിത ലാൻഡിംഗ് നടത്തും.
