ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച കൊട്ടിക്കലാശത്തിനിടെ ഹരിപ്പാട് എഴിക്കകത്ത് ജംഗ്ഷനിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗം പ്രവർത്തകരും ജംഗ്ഷനിൽ മുഖാമുഖം എത്തിയതോടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
വാശിയേറിയ മുദ്രാവാക്യം വിളികൾക്കിടെ ഉടലെടുത്ത തർക്കം കൈയാങ്കളിയിലേക്കു നീങ്ങുകയും പ്രവർത്തകർ പരസ്പരം കല്ലുകളും കമ്പുകളും ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കൃഷ്ണന്റെ കഴുത്തിന് കല്ലേറിൽ മുറിവേറ്റു. യുഡിഎഫ് പ്രവർത്തകൻ അജിത് മിത്ര, സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് സംഘർഷസാധ്യത കണ്ടതോടെ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇരുവിഭാഗത്തെയും ശാന്തരാക്കാനും പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അക്രമാസക്തരായ പ്രവർത്തകർ പോലീസിനു നേരെ തിരിയുകയായിരുന്നു. പോലീസിനുനേരേ ഉണ്ടായ ആക്രമണത്തിൽ എസ്ഐ നൗഷാദിനും സിപിഒ രാജഗോപാലിനും പരിക്കേറ്റു.
എസ്ഐ നൗഷാദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സിപിഒ രാജഗോപാലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതിനെത്തു ടർന്ന് പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് കേരള പോലീസിനൊപ്പം കേന്ദ്രസേനയും സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. സംഘർഷത്തിനു പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം എഴിക്കകത്തും ഹരിപ്പാട് നഗരത്തിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരസ്യപ്രചാരണം അവസാനിച്ച് മണ്ഡലം നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന സാഹചര്യത്തിൽ, വോട്ടെടുപ്പ് ദിവസമായ നാളെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മണ്ഡലത്തിലുടനീളം കനത്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി.
