ആസാമില്‍ ബിജെപിയുടെ പാതിരാ നാടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍, പൗരത്വ ബില്ലില്‍ ബന്ധം ഉപേക്ഷിച്ച ആസാം ഗണപരിഷത്ത് വീണ്ടും ബിജെപിക്കൊപ്പം, വടക്കുകിഴക്കില്‍ സമവാക്യങ്ങള്‍ മാറുന്നു

എതിര്‍പാര്‍ട്ടിക്കാരെ സ്വന്തം താവളത്തിലെത്തിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടം തുടരുന്നു. ഗുജറാത്തിനും ബംഗാളിനും മഹാരാഷ്ട്രയ്ക്കും ശേഷം ആസാമിലാണ് പുതിയ സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആസാമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗൗതം റോയിയും കിരിപ് ചലിഹയും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തു വന്നത്. ഇരുവരും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള നേതാക്കളാണ്.

ഇതിനിടെ മറ്റൊരു സംഭവം കൂടി ഗുവഹാത്തിയില്‍ നടന്നു. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം വിട്ട ആസാം ഗണപരിഷത്തുമായി ബിജെപി വീണ്ടും ബന്ധം പുനസ്ഥാപിച്ചെന്നതാണ് ആ വാര്‍ത്ത. രണ്ടുമാസം മുമ്പാണ് ആസാമില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടി ബിജെപി ബന്ധം ഉപേക്ഷിച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് അവര്‍ മൂന്നു മന്ത്രിമാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവാണ് പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി സംസ്ഥാനത്തെ 14 പാര്‍ലമെന്റ് മണ്ഡലങ്ങില്‍ ഏഴെണ്ണത്തില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസിന് മൂന്നു സീറ്റുകളും ലഭിച്ചിരുന്നു. പൗരത്വ പ്രശ്‌നം ആസാമില്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യം തെരഞ്ഞെടുപ്പില്‍ സമ്മാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts