മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇടതിന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. 2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. കഴിഞ്ഞ തവണ കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജയുമാണ് വിജയിച്ചത്.
യുഡിഎഫ് ആർഎസ്പിക്ക് സീറ്റ് നൽകിയപ്പോൾ ഇല്ലിക്കൽ ആഗസ്തിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് ഉറപ്പായി. മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില കെപിസിസിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്ത് അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന് പൊതുവേ സുരക്ഷിതമാണ്.
നിലവിലെ എംഎൽഎ കെ.കെ. ശൈലജ ഇക്കുറിയും മട്ടന്നൂരിൽ മത്സരിക്കാനാണ് സാധ്യത. ശൈലജ മത്സരിക്കുന്നില്ലെങ്കിൽ മണ്ഡലത്തിലെ പ്രവർത്തന പരിചയവും സജീവ സാന്നിധ്യവും സാധ്യത കൂട്ടുമ്പോൾ സജീവ പരിഗണനയിൽ മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ സ്വദേശിയും നിലവിലെ യുവജന കമ്മീഷൻ ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. സനോജും മത്സരിക്കാൻ സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കോളയാട്, കൂടാളി, പടിയൂർ ഭരണം പിടിക്കാൻ ആയില്ലെങ്കിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ ഭൂരിപക്ഷം നേടാനായത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതോടെ മത്സരം കനത്തതാകാനും ഒരു യുവ സ്ഥാനാർഥിക്ക് നറുക്ക് വീഴാനുമാണ് സാധ്യത. മണ്ഡലത്തിലുടനീളമുള്ള പ്രവർത്തന പരിചയവും സാമൂഹ്യ-സേവന മേഖലയിലെ ഇടപെടലുകളും യുവത്വത്തിന് പരിഗണന കിട്ടാൻ കാരണമായാൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദിന്റെ പേരിനാണ് പ്രഥമ പരിഗണന. ചന്ദ്രൻ തില്ലങ്കേരിയുടെയും രാജീവ് എളയാവൂരിന്റെയും പേരുകളും പരിഗണനാപട്ടികയിൽ ഉണ്ട്.
ബിജെപി ഇക്കുറി ശക്തമായ മത്സരത്തിനിറങ്ങുമ്പോൾ മത്സരംഗത്തേക്ക് ഉയർന്നു കേൾക്കുന്നത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ പേര് തന്നെയാണ്. കഴിഞ്ഞ തവണ 18,223 വോട്ട് നേടി 11.57 ശതമാനത്തിലേക്ക് എൻഡിഎയുടെ വോട്ട് ഉയർത്താൻ സാധിച്ച മട്ടന്നൂരുകാരനായ ബിജു ഏളക്കുഴി മണ്ഡലത്തിൽ സജീവമാണ്. വീണ്ടുമൊരു അങ്കത്തിന് കൂടി ബിജു ഏളക്കുഴി ഒരുങ്ങുമ്പോൾ എൻഡിഎ മൂന്നിരട്ടിയായി വോട്ട് വിഹിതം വർധിപ്പിക്കുമെന്നതാണ് അവകാശവാദം. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം നിലനിൽക്കെ സ്ഥാനാർഥി ചർച്ചകളും മറ്റും പുരോഗമിക്കുകയാണ്.
