തലയോലപ്പറമ്പ്: സ്കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ തേടിയിറങ്ങിയ പോലീസിനു മുന്നില്‍ ബൈക്ക് മോഷണക്കേസിലെ പ്രതി കുടുങ്ങി. തൃശൂര്‍ നെടുപുഴയില്നിന്നു സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ തേടിയിറങ്ങിയ പോലീസിനു മുന്നിൽ തൃശൂര്‍ ചാലക്കുടിയില്‍നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി വൈക്കം ചെമ്മനത്തുകര പുത്തന്‍പറമ്പില്‍ വി.പി. അര്ജുനന് (23) പെടുകയായിരുന്നു.
മോഷണംപോയ സ്കൂട്ടര്‍ വൈക്കത്ത് റോഡ് സൈഡില്‍നിന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം വൈക്കത്തേക്ക് വ്യാപിപ്പിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് ബൈക്ക് മോഷ്ടാവ് പിടിയിലായത്.
വൈക്കം സ്പെഷല്‍ ബ്രാഞ്ച് എഎസ്ഐമാരായ പി.എസ്. ശ്രീജോവ്, ജോസ് മാത്യൂ, തൃശൂര്‍, നെടുപുഴ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം തലയോലപ്പറമ്പില്‍നിന്നു പിടികൂടിയത്. യുവാവിന്റെ പക്കലുണ്ടായിരുന്ന ചാലക്കുടിയില്‍നിന്നു മോഷ്ടിച്ച സ്പ്ലെന്‍ഡര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ചെമ്മനത്തുകരയിലെ പാടശേഖരത്തിനു സമീപത്ത് ആക്ടീവ സ്കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈക്കം പോലീസ് സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നെടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു മോഷണം പോയതാണെന്ന വിവരം അറിയുന്നത്.
ഇതിനിടെയാണ് മോഷ്ടാവിനെക്കുറിച്ച് നെടുപുഴ പോലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു തിയേറ്ററിലെത്തിയ യുവാവിനെ തലയോലപ്പറമ്പില്‍നിന്നു പിടികൂടിയത്. നെടുപുഴ പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
