കൊച്ചി: ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തില്‍ ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി ഫോണില്‍ നിന്നും നീക്കം ചെയ്ത ഫയലുകള്‍ കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. കൊറിയന്‍ ഭാഷ പഠിക്കാന്‍ കുട്ടി താല്‍പ്പര്യം കാണിച്ചിരുന്നു. കൊറിയന്‍ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍. കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിശദ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുന്നത്.
ആദിത്യ പിന്തുടര്ന്നിരുന്ന ഇന്‍സ്റ്റ പേജ് ബ്ലാക്ക് വെനം പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പലരും അണ്‍ഫോളോ ചെയ്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ബ്ലാക്ക് വെനം എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്.
മകളുടെ ആത്മഹത്യക്ക് പിന്നില്‍ കൊറിയന്‍ ബന്ധമില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് മഹേഷും പറയുന്നത്. കൊറിയന്‍ സുഹൃത്തെന്ന പേരില്‍ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്റെ ദുരൂഹത നീക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് കുറിപ്പെഴുതി വച്ച് കഴിഞ്ഞ ജനുവരി 27നാണ് കക്കാടുള്ള പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
