സംവിധായകനാവുക എന്നതായിരുന്നു സഹീറിന്റെ സിനിമാമോഹം. പക്ഷേ, തുടക്കം ഛായാഗ്രഹണ സഹായിയായി “അനിയത്തിപ്രാവി’ൽ! ഒന്പതു വർഷത്തെ കാമറാജീവിതത്തിനുശേഷം സിനിമയിൽനിന്ന് 11 വർഷത്തെ ഇടവേള. പിന്നീട് അഭിനയിച്ച ഹ്രസ്വചിത്രങ്ങളിലെ വേറിട്ട വേഷങ്ങൾ സ്ക്രീൻ അഭിനയത്തിലേക്കു വഴിതുറന്നു.
“പുഴു’വിൽ മമ്മൂട്ടിക്കൊപ്പം ഫാർമസിസ്റ്റ് കബീർ, “ഡീയെസ് ഈറെ’യിൽ പള്ളി വികാരി… കെട്ടിലും മട്ടിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങൾ. ഒടുവിൽ, തിയറ്ററുകളിലും ഓടിടിയിലും സൂപ്പർഹിറ്റായ മിസ്റ്ററി ത്രില്ലർ “എക്കോ’യിൽ പാപ്പച്ചൻ എന്ന ഗംഭീര കഥാപാത്രം. സഹീർ മുഹമ്മദിന്റെ അഭിനയയാത്രകൾക്ക് ഒരു സിനിമാക്കഥയെ വെല്ലുന്ന ത്രില്ലും ട്വിസ്റ്റും സസ്പെൻസും!
‘എക്കോയിലെ നിറസാന്നിധ്യം മറ്റൊരു സിനിമയിലും കിട്ടിയിരുന്നില്ല. മുന്പ് ലവ് അണ്ടർ കണ്സ്ട്രക്്ഷൻ എന്ന വെബ്സീരീസിൽ മാത്രമാണ് അതുണ്ടായത്. ഒരു സീനാണെങ്കിൽ കൂടി നന്നായി പെർഫോം ചെയ്യാൻ പറ്റിയ വേഷങ്ങളായിരുന്നു ഡീയസ് ഈറെയിലും പുഴുവിലും’-സഹീർ രാഷ്്ട്രദീപികയോടു പറഞ്ഞു.
സിനിമാജീവിതത്തിന്റെ തുടക്കം..?
സിനിമാ നോട്ടീസ് ശേഖരിക്കുന്ന ശീലത്തിൽനിന്നാണ് നാലാം ക്ലാസിൽ പഠിക്കുന്പോൾ സംവിധായകനാവണം എന്ന മോഹമുണ്ടായത്. സിനിമകൾ കാണും എന്നല്ലാതെ അഭിനയത്തോടു ഭ്രമമോ അഭിനേതാക്കളോട് ആരാധനയോ ഇല്ലായിരുന്നു.
ഒന്പതാം ക്ലാസിലാണ് സുഹൃത്തുക്കളുടെ നിർബന്ധത്തിൽ ഒരു നാടകത്തിൽ അഭിനയിച്ചതും അതിൽ ഞാൻ ബെസ്റ്റ് ആക്ടറായതും. കോളജ്കാലത്തും ഒന്നു രണ്ടു നാടകങ്ങളിൽ അഭിനയിച്ചു. പിന്നീടു സാംസ്കാരികപ്രവർത്തനങ്ങൾക്കിടെ ചങ്ങനാശേരി “തരംഗ’ത്തിൽ ഒരു നടന്റെ പകരക്കാരനാകേണ്ടിവന്നു. ക്രമേണ മറ്റു ട്രൂപ്പുകളിലും നാടകം കളിച്ചുതുടങ്ങി. ഇതിനിടയിലും സിനിമയിൽ അസി. ഡയറക്ടറാനുള്ള ശ്രമം തുടർന്നു.
ഫാസിൽ സാർ എന്റെ കസിനാണെങ്കിലും ആ ബന്ധത്തിന്റെ പേരിൽ ഒപ്പംനിന്നാൽ അദ്ദേഹത്തിനും എനിക്കും അതു ബുദ്ധിമുട്ടിനിടയാക്കും എന്നുകണ്ട് ആദ്യം ആ വഴിക്കു ശ്രമിച്ചില്ല. പക്ഷേ, 96 ആയപ്പോഴേക്കും ഗത്യന്തരമില്ലാതെ അദ്ദേഹത്തോടും സാറിന്റെ അസോസിയേറ്റും എന്റെ ബന്ധുവുമായ ബിജുവിനോടും സംവിധാന മോഹം അറിയിച്ചു.
അങ്ങനെ “അനിയത്തിപ്രാവി’ൽ അസിസ്റ്റന്റാകാൻ അവസരമൊരുങ്ങിയെങ്കിലും അവസാനനിമിഷം അതു നഷ്ടമായി. പക്ഷേ, ബിജുവിന്റെ സഹായത്തോടെ ആ സിനിമയുടെ കാമറാമാൻ ആനന്ദക്കുട്ടൻ സാറിന്റെ സഹായിയായി. പഞ്ചാബി ഹൗസ്, ഉസ്താദ്, നാട്ടുരാജാവ്, എഫ്ഐആർ, ഹരികൃഷ്ണൻസ്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് തമിഴ്, ക്രോണിക് ബാച്ചിലർ, ചതുരംഗം, നരിമാൻ, കാർ തുടങ്ങി മുപ്പതിലേറെ സിനിമകളിൽ അദ്ദേഹത്തിനൊപ്പം കാമറ അസിസ്റ്റന്റായി തുടർന്നു.
അതിനിടെ സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചില്ലേ..?
2005ൽ അതിനായി ഇറങ്ങിത്തിരിച്ചെങ്കിലും എന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നു ബോധ്യമായപ്പോൾ മാനസികമായി തളർന്നു. സിനിമയിൽനിന്ന് ഒരിടവേളയെടുത്ത് ഗൾഫിൽ പരസ്യഏജൻസികളിലും മറ്റും കാമറാമാനായി ജോലിചെയ്തു.
നാട്ടിലും പ്രവാസത്തിലുമായി ജീവിതം തുടർന്നു. 2016ൽ വീണ്ടും സിനിമ തലയ്ക്കു പിടിച്ചു. വളരെ യാദൃച്ഛികമായി ഐഎഫ്എഫ്കെ ക്യൂവിൽ കണ്ടുമുട്ടിയ സംവിധായകൻ ശ്യാംഗോപാലിന്റെ ചിത്രാഞ്ജലി പാക്കേജ് സിനിമയിൽ രണ്ടു സീനുകളുള്ള സംവിധായകന്റെ കഥാപാത്രം അഭിനയിക്കാൻ അവസരമുണ്ടായി. രാവിലെ എട്ടു മണിക്കു തുടങ്ങി 10 ആയപ്പോഴേക്കും സീൻ തീർന്നു. ‘നിങ്ങൾ ഞാനുദ്ദേശിച്ച ആളല്ല, ആർട്ടിസ്റ്റായാണു ഫീൽ ചെയ്യുന്നത്’ എന്നു പറഞ്ഞ അദ്ദേഹം കൂടുതൽ സീനുകൾ എഴുതിച്ചേർത്തു, അങ്ങനെ എന്റെ കഥാപാത്രം വലുതായി. അഭിനേത്രി-അതായിരുന്നു ആ സിനിമയുടെ പേര്.
നവ സംവിധായകരുടെ സിനിമകളിലേക്ക്..?
അഭിനേത്രി റിലീസായില്ലെങ്കിലും അഭിനയം എനിക്കു സാധ്യമാണെന്ന ആത്മവിശ്വാസമുണ്ടായി. എന്റെ പ്രായവും ഫിഗറും വച്ച് കിട്ടാവുന്ന കഥാപാത്രങ്ങൾക്കായി ശ്രമിക്കാൻ സുഹൃത്തുക്കളും പ്രേരിപ്പിച്ചു. അങ്ങനെ ചെന്നൈ എൽവി പ്രസാദ് ഫിലിം അക്കാദമിയുടെ സിംഗിൾ ഷോട്ട് ഹ്രസ്വചിത്രം ‘സരസ്വതി’യിലും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സ്വതന്ത്ര സംവിധായകരുടെയും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.
ജോളി ചിറയത്തിനൊപ്പം അഭിനയിച്ച ‘ഓർമകൾ ഉപ്പിലിട്ടത്’, ലീഡ് വേഷംചെയ്ത “കൗപീനശാസ്ത്രം’ എന്നിവ ശ്രദ്ധേയമായി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സലീം അഹമ്മദ്, മനു അശോകൻ, ദിൻജിത്ത് അയ്യത്താൻ തുടങ്ങിയ പുതിയ സിനിമാക്കാരിലേക്ക് എത്താനായി. അങ്ങനെ സക്കറിയയുടെ “ഹലാൽ ലവ് സ്റ്റോറി’യിലും സലീം അഹമ്മദിന്റെ “ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിലും ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലെത്തി.
കിഷ്കിന്ധാകാണ്ഡം, കേരള ക്രൈം ഫയൽസ്, എക്കോ…
ഞാൻ ചെറിയ വേഷം അഭിനയിച്ച ജിസ് ജോയിയുടെ “മോഹൻകുമാർ ഫാൻസി’ന്റെ കാമറാമാൻ ആയിരുന്നു കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ. പക്ഷേ, അക്കാലത്തു ഞങ്ങൾ അടുത്തു പരിചയപ്പെട്ടിട്ടില്ല. കിഷ്കിന്ധാകാണ്ഡത്തിൽ ഒരു സീനുള്ള പോലീസ് റൈറ്ററുടെ വേഷം ചെയ്യാൻ കോൾ വന്നപ്പോൾ അതു ദിൻജിത്തുമായുള്ള പരിചയത്തിലാവുമെന്നാണു വിചാരിച്ചത്.
പതിവു താടിയിൽ നിന്നു മോചിതനാകാൻ ആഗ്രഹിച്ചു. സ്റ്റെപ് കട്ട് ചെയ്താണു ഞാൻ സെറ്റിലെത്തിയത്. എനിക്കായി ബാഹുൽ രണ്ടു സീനുകൾ കൂടി എഴുതിച്ചേർത്തു. കൗപീനശാസ്ത്രം ഉൾപ്പെടെയുള്ള ഷോർട്ട് ഫിലിമുകളിലെ എന്റെ വേറിട്ട ഗെറ്റപ്പുകൾ കണ്ടാണ് ബാഹുൽ അതിലേക്കു വിളിച്ചതെന്നു പിന്നീടു ഞാനറിഞ്ഞു. “കേരള ക്രൈം ഫയൽസി’ന്റെ സംവിധായകൻ അഹമ്മദ് കബീറിനോട് അഗസ്റ്റിൻ എന്ന യൂബർഡ്രൈവറുടെ വേഷം എന്നെക്കൊണ്ടു ചെയ്യിപ്പിക്കണമെന്നു പറഞ്ഞതും ബാഹുലാണ്. താൻ മനസിൽ കണ്ട അഗസ്റ്റിനെക്കാളും മറ്റൊരു ലെവലിൽ ഞാൻ ചെയ്തത് ഇഷ്ടമായപ്പോൾ “എക്കോ’യിലെ പാപ്പച്ചന് മറ്റൊരാളെ തേടേണ്ടതില്ലെന്നു ദിൻജിത്തിനോടു ബാഹുൽ പറഞ്ഞു.
എക്കോ അനുഭവങ്ങൾ..?
കാറ്റും മഴയും മഞ്ഞുമൊക്കെ അതിജീവിച്ച് വാഗമണ്ണിലെ മലമുകളിൽ ഷൂട്ടിംഗ്. സന്ദീപ്, മ്ലാത്തി ചേട്ടത്തി, നരേൻ, അശോകൻ എന്നിവരുമായാണ് എന്റെ കോംബിനേഷൻ. ശരത് ചന്ദ്രൻ വയനാടിന്റെ “അന്നൊരിക്കൽ’ എന്ന സിനിമയിൽ നരേനുമായും ഉസ്താദിൽ വിനീതുമായും ഒരുമിച്ചു വർക്ക് ചെയ്ത പരിചയം. അശോകേട്ടനുമായി സുന്ദരകില്ലാഡി, നരിമാൻ…തുടങ്ങിയ പടങ്ങളിലെ അടുപ്പം. വണ്, ഹലാൽ ലവ് സ്റ്റോറി എന്നിവയിലെ ബന്ധമാണ് ബിനു പപ്പുവുമായി. ബിനു പപ്പുവിന്റെ കൂടെയുള്ള പോലീസുകാരനായി വേഷമിട്ട രഞ്ജിത് ശേഖറുമായും മുൻപരിചയം.
വർക്ക് ചെയ്യാൻ സുഖമായിരുന്നു, എക്കോയിൽ. കാരണം, സംവിധായകനും കാമറാമാനും നേരേ ലൊക്കേഷനിലെത്തി സന്ദേഹങ്ങളും തർക്കങ്ങളുമില്ലാതെ ആവശ്യമുള്ള ഷോട്ടുകൾ മാത്രമെടുക്കുന്ന രീതി. അവർ എല്ലാം പ്ലാൻ ചെയ്തുവച്ചിരുന്നു. ആർട്ടിസ്റ്റുകൾ അതുപ്രകാരം നിന്നുകൊടുത്താൽ മാത്രം
മതി.
നരേനുമൊത്തുള്ള കാർ സീനിൽ സംഭവിച്ചത്…?
ആ കാറിനു ബ്രേക്ക് കുറവായിരുന്നു. നമ്മൾ ചവിട്ടിയാൽ വണ്ടി നിൽക്കില്ല. സഡൻ ബ്രേക്കിടാൻ പറ്റാത്ത അവസ്ഥ. ബ്രേക്ക് ഓയിൽ ഒഴിച്ചുകൊടുത്തുകൊണ്ടേയിരിക്കണം. കാരണം, പഴയൊരു അംബാസഡറാണ്. വളരെ പേടിച്ചാണ് വണ്ടിക്കുള്ളിൽ ഇരുന്നത്. ബ്രേക്ക് പൊട്ടിപ്പോയി എന്നൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു ശരിയല്ല.
ലവ് അണ്ടർ കണ്സ്ട്രക്ഷൻ വെബ് സീരീസിൽ..?
അതിൽ നീരജ് മാധവിന്റെ അച്ഛൻ വേഷം. സുധാകരൻ നായർ എന്ന കഥാപാത്രം. അയാളെ കണ്ടാൽ എക്കോയിലെ പാപ്പച്ചൻ ഞാനാണെന്നു തോന്നില്ല. കേരള ക്രൈം ഫയൽസിലെ അഗസ്റ്റിൻ വേറൊരാളാണ്. എന്നെ ആർക്കും അത്രപെട്ടെന്നു തിരിച്ചറിയാനാവില്ല!
ഡീയസ് ഈറെയിൽ എത്തിയത്..?
ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ വഴിയാണ് സംവിധായകൻ രാഹുൽ സദാശിവനിലേക്ക് എത്തിയത്. കഥയിലെ നിർണായക സീനിൽ വരുന്ന പള്ളി വികാരിയുടെ വേഷം. എന്റെ അച്ഛന്റെ മരണത്തിനു തൊട്ടുപിറ്റേന്നായിരുന്നു പള്ളിയിലെ ഷൂട്ടിംഗ്. കാര്യമായ ശിപാർശയിലാണ് അവിടെ ചിത്രീകരണത്തിന് അനുമതി കിട്ടിയത്. ആ റിസ്ക് എനിക്കറിയാം. ഫ്യൂണറൽ കഴിഞ്ഞ് വീട്ടിൽ മാത്രം പറഞ്ഞശേഷം നേരേ എറണാകുളത്തുപോയി പിറ്റേന്നു ഷൂട്ടിംഗ് കഴിഞ്ഞാണു മടങ്ങിയെത്തിയത്.
ഇനി ഏതു തരം കഥാപാത്രങ്ങൾ..?
ഏതു കഥാപാത്രം ചെയ്യാനും ഞാൻ തയാറാണ്; ഒരു സീനാണെങ്കിൽ കൂടി, ഒരു ഷോട്ടാണെങ്കിൽ കൂടി. പക്ഷേ, അത് ആളുകളുടെ മനസിൽ നിൽക്കുന്നതാവണം. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ എനിക്കു ചെയ്യാൻ പറ്റുന്ന ഡയമെൻഷൻസ് അതിനുണ്ടാവണം. സംവിധാനം ഉള്ളിൽ ഒതുക്കിവച്ചിരിക്കുകയാണ്. എന്നെങ്കിലും ചെയ്യണം.
ഇപ്പോൾ അഭിനയത്തിലാണു ഫോക്കസ്. ആദിത്യൻ ചന്ദ്രശേഖറിന്റെ “പ്ലൂട്ടോ’യും ബി. ഉണ്ണികൃഷ്ണന്റെ പേരിടാത്ത നിവിൻ പോളി ചിത്രവും ഷൂട്ടിംഗ് കഴിഞ്ഞു. സജിൻ ഗോപുവും പുതുമുഖങ്ങളുമുള്ള ടിനു പാപ്പച്ചൻ പടത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഒരു പ്രധാന വേഷം ചെയ്ത തെലുങ്കുപടം പോസ്റ്റ് പ്രൊഡക്ഷനിലാണ്. റിലീസിനൊരുങ്ങുന്ന മനു അശോകന്റെ “ഐസ്’ എന്ന വെബ്സീരീസിലും പ്രധാന വേഷമാണ്.
ടി. ജി. ബൈജുനാഥ്
