കരുവാരകുണ്ട് (മലപ്പുറം): കരുവാരകുണ്ട് തിരുക്കുടുംബ ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ അനാദരവോടെ പള്ളിക്കകത്ത് പ്രവേശിച്ച മുസ്ലിം യുവാവ് പ്രാര്‍ഥന തടസപ്പെടുത്താന്‍ ശ്രമിച്ചത് വിശ്വാസികളില്‍ ആശങ്ക പരത്തി. ഞായറാഴ്ച രാവിലെ ഏഴര മണിയോടു കൂടിയാണ് സംഭവത്തിന് തുടക്കം. ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കലിന്റെ കാര്‍മികത്വത്തിലായിരുന്നു വിശുദ്ധ കുര്‍ബാന. ദിവ്യബലി അര്‍പ്പിക്കുന്ന വൈദികന് അള്‍ത്താരയില്‍നിന്ന് പുറത്തുവരണമെന്നും സംസാരിക്കാനുണ്ടെന്നുമായിരുന്നു യാവാവിന്റെ ആവശ്യം. പള്ളിക്കുള്ളില്‍ ശബ്ദമുണ്ടാക്കിയ ഇയാളെ വിശ്വാസികള്‍ ചേര്‍ന്ന് അനുനയത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
തുടര്‍ന്ന് ഇയാളെ പള്ളിയില്‍നിന്ന് പുറത്തിറക്കി കരുവാരകുണ്ട് പൊലിസിന് കൈമാറുകയായിരുന്നു. മാനസികനില തെറ്റിയ ആളാണെന്നാണ് മനസിലായത്. ഇയാളിപ്പോൾ മാനസികരോഗാശുപത്രിയിലാണുള്ളത്. പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.
സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത സമിതി ആവശ്യപ്പെട്ടു. രൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളിൽ സമാന സംഭവങ്ങൾ ഉണ്ടായത് കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ബംഗാളില്‍ ക്രൈസ്തവ ആരാധനാലയത്തിനു നേരേ ആക്രമണം
നദിയ: കൃഷ്ണഗറിന്റെ പ്രാന്തപ്രദേശമായ ജലാല്ഖാലിയിലെ കത്തോലിക്ക പള്ളിക്കുനേരേ കഴിഞ്ഞ ഒൻപതിന് രാത്രിയാണ്ആക്രമണം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദള് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.
സന്താളി ഭാഷയിലുള്ള ബൈബിള്‍ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സംഭവം. മുളവടികളുമായി വിശ്വാസികളെ മര്‍ദിക്കുകയും പ്രാര്‍ഥനാ ഹാളിലേക്കു കല്ലെറിയുകയും ചെയ്തു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ക്രൈസ്തവ കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.
പള്ളിയില്‍ ഗോത്രവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്നാണ് വിഎച്ച്പിയുടെ ആരോപണം.
ബംഗാളില്‍ മേയില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പള്ളികള്‍ക്കും പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്കും നേരേ ആക്രമണം വര്‍ധിച്ചുവരികയാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറയുന്നു. തെളിവില്ലാത്ത മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉന്നയിച്ചു മതപരമായ ചടങ്ങുകള്‍ തടസപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കൃഷ്ണഗര്‍ രൂപതാധ്യക്ഷന്‍ ബിഷപ് നിര്‍മല്‍ വിന്‍സെന്റ് ഗോമസ് കൃഷ്ണഗര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. വിശ്വാസികള്‍ക്ക് നിര്‍ഭയമായി പ്രാര്‍ഥിക്കാനും ആരാധന നടത്താനുമുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് വൈദികര്‍ പൊലിസിനോട് ആവശ്യപ്പെട്ടു.വിൻസെൻഷ്യൻ സഭാംഗങ്ങളായ മലയാളി വൈദികർ ശുശ്രൂഷ ചെയ്യുന്ന പള്ളിയാണ് ഇത്.
ഫ്രാൻസിലെ പള്ളിയിൽ അതിക്രമം
പാരീസ്: പശ്ചിമ ഫ്രാൻസിലെ സുയാൻസ് പട്ടണത്തിലെ സെന്റ് ഹിലാരി കത്തോലിക്കാ പള്ളിയിൽ മതതീവ്രവാദികളുടെ അതിക്രമം. കഴിഞ്ഞ ചൊവ്വാഴ്ച ഇവർ പള്ളിയകത്തു കയറി ബഹളംവയ്ക്കുകയും ദേവാലയവസ്തുക്കൾ തട്ടിമറിക്കുകയും ഭിത്തികൾ വൃത്തിഹീനമാക്കുകയും ചെയ്തു. പള്ളിയിലെ ബെഞ്ചുകളിൽ കയറിനിന്ന് ഇസ്ലാമിക തീവ്രവാദത്തെ പ്രകീർത്തിക്കുന്ന പാട്ടുകൾ പാടി ദേവാലയന്തരീക്ഷം കലുഷിതമാക്കുകയും ചെയ്തു. ഫ്രാൻസിലെ തുളൂസ് പട്ടണത്തിൽ 2012 മാർച്ചിൽ ഏഴു പേരെ കൊന്ന മൊഹമ്മദ് മെറായെയും പാരീസിൽ 2015 നവംബറിൽ ബത്താക്ലാൻ സംഗീതസദസിൽ കൂട്ടക്കൊല നടത്തിയ സലാ അബ്ദുസലാമിനെയും വാഴ്ത്തുന്ന പാട്ടുകൾ പാടി അക്രമിസംഘം പള്ളിയകത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇസ്ലാമിക മത മുദ്രാവാക്യങ്ങളും മുഴക്കി.
അതിക്രമത്തിനുശേഷം ലുസോൺ രൂപതാധികൃതർ പള്ളി അടച്ചു. സംഭവത്തെ ശക്തമായി അപലപിച്ച രൂപത, ആരാധനാലയത്തെ ആക്രമിക്കുകയും ഇടവകയുടെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്തത് ഗുരുതരമായ കാര്യമാണെന്ന് ഓർമിപ്പിച്ചു. പരിഹാര പ്രാർഥനകൾക്കുശേഷം ഇന്നു പള്ളി തുറക്കുമെന്നാണ് അറിയുന്നത്.
