തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു കോര്‍പറേഷന്റെ ഉത്തരവാദിത്തം കൃത്യമായി പൂര്‍ത്തിയാക്കിയതായി മേയര്‍ വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോര്പറേഷന് പരമ്പരാഗതമായി എവിടെയൊക്കയാണോ ശുചീകരണം ചെയ്തിരുന്നത് അവിടെയൊക്കെത്തന്നെ റിക്കാർഡ് വേഗത്തില്‍ അത് പൂര്‍ത്തിയാക്കി.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച ശുചീകരണം രാത്രി എട്ടരയായപ്പോഴേക്കും പ്രധാനപ്പെട്ട റോഡുകളിലൊക്കെ പൂര്‍ത്തിയാക്കുകയും റോഡുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. പൊങ്കാലയ്ക്കു കൊണ്ടുവന്ന വിറകും മറ്റും മാറ്റുന്നതിനോടൊപ്പം തന്നെ ചുടുകല്ലുകളും മാറ്റുകയും പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം തരം തിരിച്ച് മാറ്റുകയും ചെയ്തു.
ആറ്റുകാലില്‍ ദേവിയുടെ പുറത്തെഴുന്നള്ളത്തിനു ശേഷം വൃത്തിയാക്കേണ്ട സ്ഥലങ്ങളുണ്ട്. അത് എഴുന്നള്ളത്തിന് ശേഷമാണ് ചെയ്തത്. ആറ്റുകാല്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ മാലിന്യങ്ങള്‍ കാലങ്ങളായി നീക്കം ചെയ്യുന്നത് ട്രസ്റ്റ് ആണ്. കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതും ചെയ്യുമായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ പങ്കെടുത്ത, നല്ലരീതിയില്‍ നടന്ന ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷത്തേത് ആയിരുന്നു. നഗരസഭയും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും, സാമുദായിക സാംസ്കാരിക സംഘടകളുമെല്ലാം അവരുടേതായ പങ്ക് നിര്‍വഹിച്ചു. പൊങ്കാലയുടെ മുന്നൊരുക്കങ്ങളെയും വിജയകരമായ നടത്തിപ്പിനെയും കുറിച്ച് പല ഭാഗത്തുനിന്നും അനുമോദനങ്ങള്‍ ലഭിക്കുകയുണ്ടായി. സിനിമാ സാംസ്കാരിക സാഹിത്യ മേഖലകളിലുള്ളവരുള്പ്പടെ നഗരസഭയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
കോര്പറേഷന് നേതൃത്വം നല്‍കുന്നത് ബിജെപിയാണ്. അതില്‍ അസ്വസ്ഥതപൂണ്ട ചില സോഷ്യല്‍ മീഡിയ സംഘങ്ങളും ചില മുതിര്‍ന്ന നേതാക്കളും തെറ്റായ നിലപാടുകള്‍ സ്വീകരിച്ച് ആറ്റുകാല്‍ പൊങ്കാലയുടെ വിജയത്തിന്റെ ശോഭ കെടുത്തുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നതായി കണ്ടു. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മേയര്‍ പറഞ്ഞു.
