സ്വര്‍ണക്കള്ളക്കടത്തിനും കാറപകടത്തിനും തമ്മില്‍ ബന്ധമില്ല ! എന്നാല്‍ ബാലുവിന്റെ മരണശേഷവും കള്ളക്കടത്ത് തുടര്‍ന്നു; ബാലഭാസ്‌കര്‍ കൊല്ലപ്പെടാനിടയായ കാറപകടം സ്വഭാവികം ?

തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പുക കെട്ടടങ്ങുന്നു. ബാലുവിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലുകള്‍. ഇനി ഡിഎന്‍എ പരിശോധന അതീവ നിര്‍ണ്ണായകമാകും. കാറൊടിച്ചത് ബാലഭാസ്‌കറാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. ഇനി ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കും.

സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്‌കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ പറഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജന്‍സ്. ഇവര്‍ 200 കിലോയിലേറെ സ്വര്‍ണം കടത്തിയിട്ടുണ്ട്. പ്രകാശന്‍ തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

നവംബര്‍ മുതല്‍ മെയ് വരെയുള്ള ഏഴു മാസങ്ങളിലായി പ്രകാശന്‍ തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തു. സ്വര്‍ണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇത് സ്വര്‍ണക്കടത്തിനായിരുന്നുവെന്നാണ് കരുതുന്നത്. പ്രകാശന്‍ തമ്പിയും വിഷ്ണുവും ചേര്‍ന്ന് 210 കിലോ സ്വര്‍ണം കടത്തിയെന്നാണ് വിവരം. സ്വര്‍ണക്കടത്ത് നടന്നത് ബാലഭാസ്‌കറിന്റെ മരണശേഷമായതിനാല്‍ അപകടവുമായി ഇതിനു ബന്ധമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇതിനിടെയാണ് സ്വാഭാവിക അപകടമെന്ന നിലപാടിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് എത്തുന്നത്. അപകടത്തിന്റെ ആഘാതം കൂട്ടിയത് അമിത വേഗതയും, റോഡിന്റെ വലതുവശത്തേക്കുള്ള ചരുവുമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ കേസന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. അതിനിടെയാണ് നിര്‍ണ്ണായക നിലപാടിലേക്ക് അവര്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വച്ചും, ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍വച്ച് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും രക്ഷപ്പെട്ടു.

ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎന്‍എ പരിശോധനയും നടത്തം. പള്ളിപ്പുറത്തെ അപകട സമയത്തു വാഹനം ഓടിച്ചതാരാണെന്നു കണ്ടെത്താന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകളും മുടിയും ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. ഫൊറന്‍സിക് സംഘം വാഹനത്തില്‍ നിന്നു നേരത്തെ ഇതു ശേഖരിച്ചിരുന്നു.

ഇതിന് ശേഷമാകും മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടുകളില്‍ അന്തിമ നിലപാടിലേക്ക് എത്തുക. ബാലഭാസ്‌കറിന്റെ മരണത്തെത്തുടര്‍ന്നു മൊഴിമാറ്റിയ ഡ്രൈവര്‍ അര്‍ജുനന്റെ ഡിഎന്‍എ പരിശോധനയും പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ഹരികൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഫലം ലഭിക്കുന്നതോടെ കാര്യങ്ങളെല്ലാം വ്യക്തമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Related posts