രവീന്ദ്രന്റെ ബിനാമി ഇടപാട് ! എന്‍ഫോഴ്‌സ്‌മെന്റ് ജ്വല്ലറിയിലേക്ക്; സഹകരണ ബാങ്കുകളിലെ നിക്ഷേപവും അന്വേഷിക്കും…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വടകരയിലെ ജ്വല്ലറിയിലേക്ക്. വടകര ടൗണില്‍ അടുത്ത കാലത്തു തുറന്നു പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം ഊര്‍ജിതമാക്കിയത്.

ജ്വല്ലറിയുടെ ഉടമകളുമായി സി.എം.രവീന്ദ്രന്റെ ബന്ധമാണ് പരിശോധിക്കുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു വരും ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്താനും ഇഡി ആലോചിക്കുന്നുണ്ട്. നയതന്ത്ര ബാഗേജ്വഴി കടത്തിയ സ്വര്‍ണം സ്വപ്നാ സുരേഷും സംഘവും ഇവിടെ എത്തിച്ചിരുന്നോയെന്നും ഇഡി പരിശോധിച്ചുവരികയാണ്.

അതേസമയം സി.എം. രവീന്ദ്രന്റെ ബിനാമി പേരില്‍ വടകരയില്‍ കൂടുതല്‍ സ്ഥാപനങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതു സംബന്ധിച്ചു കൂടുതല്‍ വ്യാപാരസ്ഥാപനങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.

സ്ഥിരമായി സര്‍ക്കാരിന്റെ പരിപാടികള്‍ നടക്കുന്ന ഹോട്ടലിനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ചും ഇഡി പരിശോധിക്കും. രവീന്ദ്രനു വടകര, ഓര്‍ക്കാട്ടേരി, ഒഞ്ചിയം, എടക്കാട്, നിരവില്‍പുഴ എന്നീ സ്ഥലങ്ങളില്‍ നിരവധി ബിനാമി നിക്ഷേപം ഉണ്ടെന്ന് ഇഡിക്കു സൂചന ലഭിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകളിലേക്കും

സഹകരണ ബാങ്കുകളിലാണ് നിക്ഷേപം നടത്തിയത്. അതിനാല്‍ സഹകരണ ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങളും ഇഡി ശേഖരിക്കുന്നുണ്ട്. അതേസമയം, ഇന്നലെ പരിശോധന നടത്തിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരോടു രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടതായാണ് വിവരം.

ആവശ്യമെങ്കില്‍ നേരിട്ടു വിളിപ്പിക്കാമെന്നും അപ്പോള്‍ രേഖകള്‍ സഹിതം ഹാജരാകണമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. വടകരയിലെ ഹോം അപ്ലയന്‍സ്, അല്ലന്‍ സോള്ളി ബ്രാന്‍ഡഡ് വസ്ത്ര വ്യാപാര സ്ഥാപനം, ടൗണ്‍ ഹാള്‍ പരിസരത്തെ മൊബൈല്‍ മൊത്ത വ്യാപാര കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ഇഡി പരിശോധന നടത്തിയത്.

വടകര സ്വദേശിയായ സി.എം. രവീന്ദ്രന്റെ ഉറ്റ സുഹൃത്തായ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനങ്ങള്‍. ചന്ദ്രന്‍ വഴിയാണ് രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ നടത്തിയതെന്നാണ് സംശയം.

ഷാജഹാന്റെ പരാതി

കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വടകര മേഖലയിലെ ചില സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്.


മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍ വടകരയിലെ ചില സ്ഥാപനങ്ങള്‍ സി.എം. രവീന്ദ്രന്റെ ബിനാമിയാണെന്നു കാണിച്ചു പരാതി നല്‍കിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ വടകര കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കാനും സാധ്യതയുണ്ട്.

ഇഡിയെ ‘നിരീക്ഷിച്ച്’ പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വടകരയില്‍ എത്തിയതിന് പിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്.

ഇഡി പരിശോധന നടത്തിയ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്.
അതേസമയം ഇപ്പോള്‍ പരിശോധന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ഇതുവരേയും ആരോപണങ്ങളൊന്നും ഉയര്‍ന്നിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.


ഇഡി പരിശോധന നടത്തിയ ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ചിരുന്നു. ഇഡിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ചാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

പരിശോധനയില്‍ രേഖകളൊന്നും ഇഡിക്ക് ലഭിച്ചിട്ടില്ലെന്നും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിയ പരിശോധനയാണിതെന്നുമാണ് പോലീസ് പറയുന്നത്.


ഇന്നലെ രാവിലെ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതു മുതല്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും പുറത്ത് നിലയുറപ്പിച്ചിരുന്നു. ഇഡിയുടെ ഓരോ ചലനങ്ങളും ഇവര്‍ നിരീക്ഷിച്ചിരുന്നു .

Related posts

Leave a Comment