ബംഗളുരുവിലെ ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനു മുന്‍പും ഐടി തലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് യാത്രക്കാര്‍ പരാതികള്‍ ഉന്നയിക്കുന്ന നിരവധി വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ഞെട്ടിക്കുന്നതാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.
സംഭവം ഇങ്ങനെയാണ്. വയോധികയായ തന്‍റെ അമ്മയ്ക്കു വേണ്ടി ഒരാള്‍ ഊബര്‍ റൈഡ് ബുക്ക് ചെയ്യുന്നു. മറ്റൊരു ലൊക്കേഷനില്‍ നിന്നാണ് ബുക്ക് ചെയ്തത്. കൃത്യസമയത്ത് പിക്ക് പോയിന്‍റിൽ എത്തി ഒരു ഓട്ടോ ഡ്രൈവര്‍ വയോധികയെ വാഹനത്തില്‍ കയറ്റുന്നു. അതേസമയം, ഇവരുടെ മകന്‍ വീട്ടിലിരുന്ന് ആപ്പിലൂടെ യാത്ര ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. താന്‍ ബുക്ക് ചെയ്ത ഓട്ടോയിലല്ല അമ്മ കയറിയിരിക്കുന്നതെന്ന് അദ്ദേഹം ഉടൻ തന്നെ മനസിലാക്കുകയും ചെയ്തു.
എന്നാല്‍, ഓട്ടോക്കാരന് അബദ്ധം പിണഞ്ഞതോ ആശയക്കുഴപ്പമുണ്ടായതോ അല്ല. കാരണം യാത്രാമധ്യേ ഡ്രൈവര്‍ വളരെ ലാഘവത്തോടെ അയാൾ വയോധികയോട് പറഞ്ഞു. ‘ഞാന്‍ ഊബറില്‍ നിന്നല്ല കേട്ടോ”. എന്നാല്‍, ചാര്‍ജിന്‍റെ കാര്യത്തില്‍ ഇയാള്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തതുമില്ല. ഊബറിന്‍റെ ചാര്‍ജ് സ്വീകരിക്കാന്‍ തയാറാകാതിരുന്ന ഇയാൾ ഇരട്ടി ചാര്‍ജ് ഈടാക്കിയ ശേഷമാണ് യാത്രക്കാരിയെ പോകാന്‍ അനുവദിച്ചത്.
“ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ സംഭവമല്ലെന്ന് വ്യക്തം. മുതിര്‍ന്ന പൗരന്മാരെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വം നടത്തിയ ആള്‍മാറാട്ടം തന്നെയാണ്”, പോസ്റ്റ് ചെയ്തയാള്‍ പറയുന്നു. റെഡ്ഡിറ്റില്‍ പങ്കുവച്ച അനുഭവക്കുറിപ്പിനോട് പ്രതികരിച്ച് നിരവധി കമന്‍റുകളാണ് ഒഴുകിയെത്തിയത്. പലരും സമാനമായ അനുഭവങ്ങള്‍ വിവരിച്ചു മുന്നോട്ടുവരികയും ചെയ്തു.
‘നഗരത്തിലെ മാന്യന്മാരായ കുറച്ച് ഓട്ടോ ഡ്രൈവര്‍മാരോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ക്കായി നരകത്തിലെ ഒരു പ്രത്യേക ഇടം തന്നെ ദൈവം ഒരുക്കിയിട്ടുണ്ടാകും”. മറ്റൊരു യൂസര്‍ എഴുതി.
