‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി…’
തേൻ നിലാവിന്റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം.
ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്. 2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്. (എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. മനസിൽ എന്നും മായാതെ കിടക്കുന്ന മനസ് മനസിന്റെ കാതിൽ… എന്ന ഗാനത്തെ കുറിച്ച് ഭരണിക്കാവ് ലേഖകനോട് പറയുന്നത് ഈ സന്ദർഭത്തിലാണ് . (2007 ൽ ഈ അഭിമുഖം ഉൾപ്പെടെയുള്ള ലേഖനങ്ങൾ ചേർത്ത് മണി.എസ്. തിരുവല്ല ‘ഈ ഗാനം മറക്കുമോ’എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014 ൽ വിപുലമായ പരിഷ്കരിച്ച പതിപ്പും ഇറക്കി)
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനുവേണ്ടി ആദ്യം ഭരണിക്കാവ് രചിച്ചത് കെ.ജെ. യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതി… ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ആണ്. ദേവിയെ മനസിൽ ധ്യാനിച്ചാണ് കുറെ വരികൾ എഴുതിയത് എന്നും ആർ.കെ. ശേഖർ (സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പിതാവ്) ഈണം നൽകിയ ആ ഗാനങ്ങൾ എല്ലാം ദേവികടാക്ഷത്താൽ ഹിറ്റായി എന്നുമാണ് ഭരണിക്കാവ് പറഞ്ഞത്. പിന്നീട് നിനച്ചിരിക്കാതെയാണ് ഭരണിക്കാവിനെ തേടി സംവിധായകന്റെ ഫോൺകോൾ വരുന്നത്.
ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ടുകൂടി എഴുതണം.. മുൻപ് എഴുതിയത് പോലുള്ള ഭക്തിഗാനം അല്ല ആദ്യരാത്രിയെ കുറിച്ചുള്ള ഒരു ഗാനം. . ക്രോസ് ബെൽറ്റ് മണി പറഞ്ഞു.ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ എന്തിനാണ് സംവിധായകൻ പറയുന്നതുപോലെ ആദ്യരാത്രി കൊഴുപ്പിക്കുന്ന തരത്തിലെ ഗാനം എന്ന് യുവ ഗാനരചയിതാവിന് ആദ്യം സംശയമായി. എന്നാൽ ദേവി കഥ തുടങ്ങാനുള്ള ഒരു പശ്ചാത്തലം ആണ് രണ്ട് യുവമിഥുനങ്ങളുടെ ആദ്യരാത്രി രംഗവും ഗാനവും എന്ന് സംവിധായകൻ വിശദീകരിച്ചു.
ചോറ്റാനിക്കര അമ്മയിലെ ഭക്തിഗാനങ്ങൾ എല്ലാം റെക്കോർഡ് ചെയ്തു കഴിഞ്ഞ ശേഷമാണ് പുതിയ ആശയം വരുന്നത്. ആർ.കെ. ശേഖർ അക്കാലത്ത് സിറോസിസ് എന്ന മാരകമായ രോഗത്തിന്റെ വേദനയിൽ കഴിയുകയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റുഡിയോയിൽ എത്തുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഭരണിക്കാവ് നേരിട്ട് ചെന്നൈയിലുള്ള ശേഖറിന്റെ വീട്ടിൽ എത്തി.
ഇനി ഭരണിക്കാവ് മുന്പൊരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ കേൾക്കാം… “ആർ. കെ. ശേഖറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. മാരകരോഗം എന്റെ സുഹൃത്തിന്റെ ജീവൻ ഏതാണ്ട് പൂർണമായും കാർന്നു തിന്നുകഴിഞ്ഞു. അസഹ്യമായ വേദനയിലും, കിടന്ന കിടപ്പിൽ തന്നെ ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം എന്ന് അകത്തേക്ക് ക്ഷണിച്ചു.
ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാനത്തിന് മധ്യമാവതി രാഗത്തിൽ ഒരു ഈണം മൂളി. പക്ഷേ വീർത്ത വയറുമായി മരണത്തെ കാത്തു കിടക്കുന്ന എന്റെ സുഹൃത്തിന്റെ മുന്നിലിരുന്ന് ആദ്യ രാത്രിയെ വർണിച്ച് ഒരു വരി പോലും എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല.
എന്നാൽ ആ അവസ്ഥയിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ ഉണർത്തി. വിൻസെന്റും രാജകോകിലയും രവി മേനോനും ഉണ്ണിമേരിയുമാണ് ചിത്രത്തിൽ യുവമിഥുനങ്ങളെ അവതരിപ്പിക്കുന്നത്. മനസ് പാകപ്പെടുത്തി ഒരു നിമിഷം ഞാൻ വിൻസെന്റോ രവി മേനോനോ ആയി. അദ്ദേഹം ഈണം മൂളാൻ തുടങ്ങി. എന്റെ തൂലിക ചലിച്ചും തുടങ്ങി.
അല്പം നിമിഷത്തിനുള്ളിൽ ഗാനം എഴുതി പൂർത്തിയാക്കി.ആ ഗാനമാണ് ‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്ക് മധുവിധു രാത്രി…’ഈണമിട്ട് റെക്കോർഡിംഗ് തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ എന്റെ ഉറ്റ ചങ്ങാതി ഈ ലോകം വിട്ട് യാത്രയായി. പിന്നീട് ആ ജോലി പൂർത്തിയാക്കിയത് അർജുനൻ മാഷാണ്.
ചെണ്ട എന്ന് സിനിമയിലെ പഞ്ചമി തിരുനാൾ… എന്ന ഗാനം എഴുതുമ്പോൾ ഭരണിക്കാവിന് 21 വയസ് മാത്രമാണ് പ്രായം. സംഗീത ഇതിഹാസം ജി. ദേവരാജൻ ആണ് യുവ ഗാനരചയിതാവിന്റെ ആദ്യ ഗാനത്തിന് സംഗീതം നൽകിയത് എന്നതും ഒരു ചരിത്രമാണ്. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ.., ആഷാഢമാസം.., മധുരം തിരുമധുരം.., രാഗാർദ്ര ഹംസങ്ങളോ… തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ ഭരണിക്കാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. 2007 ജനുവരിയിലാണ് ഭരണിക്കാവ് ശിവകുമാർ ഭൂമിയിൽനിന്നു വിടവാങ്ങുന്നത്. 2007 നവംബറിൽ പുറത്തുവന്ന മണി. എസ്. തിരുവല്ലയുടെ പുസ്തകത്തിലെ അഭിമുഖക്കുറിപ്പ് ഭരണിക്കാവിനുള്ള ആദരാഞ്ജലിയായിട്ടാണ് ലേഖകൻ സമർപ്പിച്ചിരിക്കുന്നത്.
എസ്. മഞ്ജുളാദേവി
