കൊടുത്ത ബ്ലാങ്ക് ചെക്ക് തിരിച്ച് എന്റെ പോക്കറ്റില്‍ ഇട്ടു തന്നു! ഏഴു ദിവസം സിനിമയ്ക്കുവേണ്ടി ജോലി ചെയ്തിട്ടും പ്രതിഫലം വാങ്ങാതെയാണ് ഖുശ്ബു അന്ന് മടങ്ങിയത്; സംവിധായകന്‍ രഞ്ജിത്ത് പറയുന്നു

മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ഖുഷ്ബു പ്രതിഫലം വാങ്ങിയില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രഞ്ജിത്ത്. സിനിമയ്ക്കുവേണ്ടി ഏഴ് ദിവസം ഖുശ്ബു ജോലി ചെയ്തിരുന്നു എന്നും എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അവര്‍ ആ ചിത്രത്തിനുവേണ്ടി ജോലി ചെയ്തതെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

”ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഖുശ്ബു എത്തുകയായിരുന്നു.

”ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യില്‍ നല്‍കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. ഇനി അതിന് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എഴുതാം എന്ന് പറഞ്ഞു.

”അവള്‍ ചെക്ക് ബുക്ക് വാങ്ങി മടക്കി എന്റെ കീശയില്‍ വെച്ചുപറഞ്ഞു, അത് ഇവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടും പ്രതിഫലമൊന്നും വാങ്ങാതെയാണ് ഖുശ്ബു അന്ന് മടങ്ങിയത്”-രഞ്ജിത് പറഞ്ഞു.

Related posts