ഭീകരുടെ ഗ്രനേഡ് ആക്രമണത്തില്‍ അമ്മയുടെ കൈപ്പത്തി ചിതറി; തലയില്‍ തോക്കുചേര്‍ത്തുവെച്ച ഭീകരരെ മനുഷ്യത്വത്തെ കുറിച്ച് ഓര്‍മപ്പെടുത്തി; ഒന്‍പതുകാരിക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം

ഭീകരരെ ഒറ്റയ്ക്കു ചെറുത്തുനിന്ന കുരുന്നിന് ഇത്തവണ ധീരതയ്ക്കുള്ള പുരസ്‌കാരം. ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളായ ഹിമപ്രിയ എന്ന നാലാം ക്ലാസുകാരിക്ക് റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള കുട്ടികളുടെ പുരസ്‌കാരം നല്‍കി ആദരിക്കും.

ഇവര്‍ താമസിച്ചിരുന്ന സുന്‍ജ്വാന്‍ ഇന്‍ഫന്ററി ക്യാംപിലേക്ക് കഴിഞ്ഞ ഫെബ്രുവരി 10ന് ഇരുട്ടിന്റെ മറപറ്റി ജയ്‌ഷെ ഭീകരര്‍ ഇരച്ചുകയറി. ഇരുട്ടില്‍ എവിടെയോ അച്ഛന്‍ നാടിനു വേണ്ടി പൊരുതുമ്പോള്‍ വീട്ടില്‍ അമ്മ പത്മാവതിയും മക്കളായ ഹിമയും റിഷതയും ആവന്തികയും മാത്രം.

ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പത്മാവതിയുടെ കൈപ്പത്തി തകര്‍ത്തു. പിന്നെ ഹിമ മടിച്ചുനിന്നില്ല, വാതില്‍ തുറന്നു. അവളെ ഭീകരര്‍ തോക്കുചൂണ്ടി ബന്ദിയാക്കി. അവള്‍ അവരോടു സംസാരിച്ചുകൊണ്ടേയിരുന്നു, 4 മണിക്കൂറോളം. അമ്മയെയും സഹോദരങ്ങളെയും കൂടുതല്‍ ഉപദ്രവിക്കാതെ കാക്കാന്‍ അതുവഴി കഴിഞ്ഞു.

അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന അവളുടെ അപേക്ഷ അവര്‍ സ്വീകരിച്ചു. ഭീകരരുടെ കണ്ണില്‍ നിന്നു മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം വിവരം അവള്‍ പട്ടാളക്കാരെ ധരിപ്പിച്ചു. അങ്ങനെ അക്രമികള്‍ പിടിയിലായി.

Related posts