ലണ്ടൻ: ബ്രിട്ടനുമായി വീണ്ടും തെറ്റി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു പശ്ചിമേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കലുകൾ അയയ്ക്കാൻ ബ്രിട്ടൻ ഗൗരവമായി ചിന്തിക്കുന്നുണ്ട്. എന്നാൽ ഇറാനുമായുള്ള യുദ്ധം ജയിക്കാൻ യുഎസിന് അവ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടന്റെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് അമേരിക്കയെ വിലക്കിയിരുന്നു. ഇതിനെതിരേ ട്രംപ് രൂക്ഷമായാണു വിമർശമുന്നയിച്ചത്. ഇരു രാജ്യങ്ങളുടെ ചരിത്രപരമായ അടുത്ത ബന്ധം നശിപ്പിക്കാൻ അദ്ദേഹം സഹായിച്ചെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രതിരോധ നടപടികള്‍ക്കു ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്കിയതും വൈകിയാണ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ബ്രിട്ടന്റെ സഹായം ട്രംപ് നിരസിച്ചത്. ജയിച്ച യുദ്ധത്തിന് പിന്തുണ നൽകാനെത്തുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. “ഒരുകാലത്ത് നമ്മുടെ വലിയ സഖ്യകക്ഷിയായിരുന്ന ബ്രിട്ടൻ ഒടുവിൽ പശ്ചിമേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. പ്രധാനമന്ത്രി സ്റ്റാർമർ, ഞങ്ങൾക്ക് ഇനി അവ ആവശ്യമില്ല. ഇതിനകം വിജയിച്ച യുദ്ധത്തിൽ അണിചേരാനെത്തുന്ന ആളുകളെ ഞങ്ങൾക്ക് ആവശ്യമില്ല”-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പ്രിൻസ് ഓഫ് വെയിൽസ് ഉൾപ്പെടെ രണ്ട് വിമാനവാഹിനിക്കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്.
എന്നാൽ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് അയയ്ക്കണമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകളില്ല വിഷയങ്ങളിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് ട്രംപിന് മറുപടിയായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യെവെറ്റ് കൂപ്പർ പറഞ്ഞത്.
വാചാടോപത്തിന്റെ അടിസ്ഥാനത്തില്ല തങ്ങൾ കാര്യങ്ങൾ ചെയ്യാൻ പോകുന്നത്. പ്രായോഗികവും സ്ഥിരതയുള്ളതുമായ തീരുമാനമെടുക്കലിലൂടെയായിരിക്കും. കാരണം, ഗൗരവമേറിയതും സ്ഥിരതയുള്ളതുമായ രീതിയിൽ കാര്യങ്ങൾ ചെയ്യുക എന്നതാണ് ബ്രിട്ടീഷുകാരുടെ സ്വഭാവം- ബ്രിട്ടീഷ് മന്ത്രി പറഞ്ഞു.
