കൊളംബോ: തായ്ലൻഡ് സന്ദർശനത്തിനുശേഷം എത്തിയ ബുദ്ധസന്യാസിമാരിൽനിന്ന് കഞ്ചാവ് ശേഖരം പിടികൂടി.
നാലു ദിവസത്തെ തായ്ലൻഡ് സന്ദർശനത്തിനുശേഷം കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 22 അംഗ സന്യാസിസംഘത്തിൽനിന്നാണ് വീര്യം കൂടിയ 110 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
ശ്രീലങ്കയിലുടനീളമുള്ള വിവിധ ബുദ്ധവിഹാരങ്ങളിൽനിന്നുള്ള യുവസന്യാസിമാർ ഒരു ബിസിനസുകാരൻ സ്പോൺസർ ചെയ്തതുപ്രകാരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ വിനോദയാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഓരോരുത്തരും അവരുടെ ലഗേജുകളിൽ അഞ്ചു കിലോ വീതം കഞ്ചാവ് ഒളിപ്പിച്ചുകടത്തുകയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
