ബസ് മാറിക്കയറിയ ഏഴാംക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു ! കണ്ടക്ടര്‍ രക്ഷകനായി അവതരിച്ചതോടെ ആശങ്കകള്‍ക്ക് വിരാമമായി; കണ്ടക്ടര്‍ക്ക് നന്ദി പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ്…

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് മകളെ അച്ഛന്റെ കൈകളില്‍ ഏല്‍പ്പിച്ച് കണ്ടക്ടര്‍ മാതൃകയായി. കണ്ടക്ടറിന് നന്ദി പറഞ്ഞു കൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

ചെങ്ങന്നൂര്‍ ബസില്‍ കയറേണ്ടതിന് പകരം പത്തനംതിട്ട ബസില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയെന്ന് കണ്ടക്ടര്‍ മനസ്സിലാക്കി. സ്വന്തം ഫോണില്‍ നിന്ന് മകളെക്കൊണ്ട് അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് കോഴഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ എത്തും വരെ മകളെയും കൊണ്ട് കണ്ടക്ടര്‍ ഇലന്തൂര്‍ വെയിറ്റിങ് ഷെഡില്‍ കാത്തിരുന്നു. തുടര്‍ന്ന് സുരക്ഷിതമായി പെണ്‍കുട്ടിയെ പിതാവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്.

കുറിപ്പ് വായിക്കാം:

ഇന്നെനിക്ക് മറക്കാത്ത ദിനം…

പാഴൂര്‍ മോട്ടേഴ്‌സിനും അതിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍…

കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട,ഏഴില്‍ പഠിക്കുന്ന എന്റെ മകള്‍ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയും ഇലന്തൂര്‍ എത്തിയപ്പോള്‍ അതിലെ കണ്ടക്ടര്‍ എവിടെ പോകാനാണെന്ന് തിരക്കിയപ്പോള്‍ ആറന്മുളക്കാണെന്ന് മോള്‍ പറഞ്ഞപ്പോള്‍ അതിലെ കണ്ടക്ടര്‍ സന്തോഷ് എന്നയാള്‍ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണില്‍ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് കോഴഞ്ചേരിയില്‍ നിന്നും ഞാന്‍ ഇലന്തൂര്‍ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡില്‍ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യന്‍ യാത്രയായത്….

സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റോപ്പില്‍ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്… എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയില്‍ നല്ല ഒരു നന്ദി വാക്കുപറയുവാന്‍ എനിക്ക് കഴിഞ്ഞില്ല… പിന്നീട് ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്…

പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍…. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു…

പാഴൂര്‍ മോട്ടോര്‍സിലെ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്…

എല്ലാവരും ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.. കാരണം കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ അവര്‍ക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി…

Related posts