റോ​ഡ​രികി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ക​ത്തി​ന​ശി​ച്ചു; തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല; ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന, കെഎ​സ്ഇ​ബി സ​ബ്ബ്സ്റ്റേ​ഷ​ന് തെ​ക്കു​വ​ശം റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സ് തീ ​ക​ത്തി ന​ശി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ക​രി​ക്കാ​ട് മ​ന്പോ​ഴി​യി​ൽ ര​തീ​ഷി​ന്‍റെ കൊ​ച്ചു​കാ​വി​ല​മ്മ എ​ന്ന ബ​സാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് ബ​സി​ന് തീ​പി​ടി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

പ്ര​ദേ​ശ​വാ​സി​ക​ളും തീ​യ​ണ​ക്കാ​ൻ കാ​ര്യ​മാ​യി സ​ഹാ​യി​ച്ചു. എ​ന്നാ​ലും ബ​സ് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ടാ​ങ്കി​ൽ നി​റ​ച്ച് ഡീ​സ​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടാ​ങ്കി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ചേ​ർ​ത്ത​ല അ​ഴീ​ക്ക​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് സ​ർ​വ്വീ​സ് അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത​ത്. ര​തീ​ഷി​ന്‍റെ ഭാ​ര്യ​വീ​ട് ഇ​തി​ന​ടു​ത്താ​ണ്.

രാ​ത്രി​യി​ൽ സ്ഥി​ര​മാ​യി ബ​സ് ഇ​വി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ബ​സ് സ​ർ​വീ​സി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts