ഡേറ്റിംഗ് ആപ്പ് വഴി തേടിപ്പിടിച്ച മസാജ് സെന്ററില്‍ എത്തിയ വ്യവസായി വാതില്‍ തുറന്ന ആളെ കണ്ട് ഞെട്ടി; റൂമിലുണ്ടായിരുന്ന രണ്ടു യുവതികള്‍ ഇയാള്‍ക്ക് കൊടുത്തത് എട്ടിന്റെ പണി…

ദുബായ്; ഡേറ്റിംഗ് ആപ്പ് വഴി കണ്ടെത്തിയ മസാജ് സെന്ററില്‍ എത്തിയ റഷ്യന്‍ വ്യവസായിക്ക് കിട്ടിയത് എട്ടിന്റെ പണി. ഡേറ്റിംഗ് ആപ്പ് വഴിയും വാട്‌സാപ്പ് വഴിയും മസാജ് സെന്റര്‍ തിരഞ്ഞ വ്യവസായിക്ക് വാട്‌സാപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തിലാണ് അല്‍ ബര്‍ഷയിലെ ഹോട്ടലില്‍ എത്തിയത്.

തുടര്‍ന്ന് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ എത്താന്‍ സ്ത്രീകളില്‍ ഒരാള്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. മുറിയുടെ പുറത്തെത്തി ഇയാള്‍ വാതിലില്‍ മുട്ടുകയും ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് സ്വീകരിക്കുകയും ചെയ്തു.

ഈ സമയം വാതിലിന് പിറകില്‍ നിന്നും പെട്ടെന്ന് മറ്റൊരു സ്ത്രീ ചാടി വീഴുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് രേഖകള്‍ പറയുന്നത്.

32, 33 വയസ്സുള്ള രണ്ട് നൈജീരിയന്‍ യുവതികളാണ് കൃത്യത്തിന് പിന്നില്‍. താഴെ വീണ വ്യവസായിയുടെ കഴുത്തില്‍ സ്ത്രീകളില്‍ ഒരാള്‍ കത്തി വയ്ക്കുകയും കയ്യിലുള്ള ബാഗ് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇയാളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന 100,000 ദിര്‍ഹം പണം പിടിച്ചു വാങ്ങി.

കുറച്ചു സമയം പൂട്ടിയിട്ട ശേഷം പിന്നീട് ഇയാളെ വിട്ടയച്ചു. ഉടന്‍ തന്നെ വ്യവസായി പൊലീസ് സ്‌റ്റേഷനില്‍ ചെല്ലുകയും സംഭവങ്ങള്‍ വിശദീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയും ചെയ്തു.

കത്തിമുനയില്‍ നിര്‍ത്തി വ്യവസായിയെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് യുവതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസെടുത്തത്. 33 വയസ്സുള്ള യുവതിയ്‌ക്കെതിരെ മറ്റൊരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനും പൊലീസിനു മുന്നില്‍ തെറ്റായ പേരും വിവരങ്ങളും നല്‍കിയതിനും കേസ് ഉണ്ട്.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ രണ്ടു പ്രതികളും കുറ്റം നിഷേധിച്ചു. ‘ഇല്ല, ഞങ്ങള്‍ അത്തരമൊരു കുറ്റം ചെയ്തിട്ടില്ല’–33 വയസ്സുള്ള യുവതി ജഡ്ജിയോട് പറഞ്ഞു.

സംഭവത്തിന് ഇരയായ റഷ്യന്‍ വ്യവസായിയുടെ മൊഴി പൊലീസ് കോടതിയില്‍ ആവര്‍ത്തിച്ചു. 32 വയസ്സുള്ള യുവതിയാണ് ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്തത്. രണ്ടാമത്തെ സ്ത്രീ ഷെയ്ഖ് സയീദ് റോഡിലെ മറ്റൊരു ഹോട്ടലില്‍ ആണ് താമസം.

33 വയസ്സുള്ള സ്ത്രീയെ കുറച്ചു ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ നൈജീരിയന്‍ പാസ്‌പോര്‍ട്ട് ആണ് ഇവര്‍ നല്‍കിയിരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി കോടതി അഭിഭാഷകനെ നിയമിച്ചു.

Related posts