കറന്‍സി പ്രഹരത്തില്‍ വാഹനവിപണി

carന്യൂഡല്‍ഹി: ഡിസംബറിലെ കാര്‍ വില്പനയില്‍ മാരുതി സുസുകി ഇന്ത്യക്ക് തിരിച്ചടി. ആഭ്യന്തര വില്പനയില്‍ നാലു ശതമാനം ഇടിവ് മാരുതിക്കുണ്ടായപ്പോള്‍ കയറ്റുമതിയില്‍ 47.1 ശതമാനം നേട്ടമുണ്ടായി. പ്രധാന കമ്പനികള്‍ക്കൊന്നും കാര്‍വില്പനയില്‍ ശോഭിക്കാനായില്ല. കറന്‍സി റദ്ദാക്കല്‍ പ്രധാന വില്ലനായപ്പോള്‍ ഹ്യുണ്ടായി, മഹീന്ദ്ര എന്നീ കമ്പനികളുടെ വില്പനയില്‍ ഇടിവുണ്ടായി. അതേസമയം ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോറിനും റെനോ ഇന്ത്യക്കും പോയ മാസം നേട്ടമുണ്ടാക്കാനായി. ഇരുചക്ര വിഭാഗത്തിലും കൊമേഴ്‌സല്‍ വാഹന വിഭാഗത്തിലും ഇടിവ് തുടര്‍ന്നു.

മാരുതി സുസുകി ഇന്ത്യ

പോയ മാസം 1,06,414 കാറുകള്‍ മാരുതിയില്‍നിന്ന് ആഭ്യന്തര നിരത്തിലിറങ്ങി. തലേ വര്‍ഷം ഇതേ മാസം 1,11,333 കാറുകള്‍ പുറത്തിറങ്ങിയ സ്ഥാനത്തായിരുന്നു ഇത്. കയറ്റുമതി 47.1 ശതമാനം ഉയര്‍ന്ന് 7,816 കാറുകളില്‍നിന്ന് 11,494 ആയി. വിറ്റ മൊത്തം കാറുകള്‍ 1,19,149ല്‍നിന്ന് 1,17,908 ആയി.

ഹ്യുണ്ടായി മോട്ടോര്‍

ഹ്യുണ്ടായിക്കും പോയ മാസം വില്പനയില്‍ തളര്‍ച്ച നേരിട്ടു. പോയ മാസം 40,057 കാറുകള്‍ വിറ്റു. തലേ വര്‍ഷം ഇതേ മാസം 41,861 കാറുകളായിരുന്നു വിറ്റത്. കുറവ് 4.3 ശതമാനം.

ടൊയോട്ട കിര്‍ലോസ്കര്‍!

വില്പന 29 ശതമാനം ഉയര്‍ന്ന് 14,093 വാഹനങ്ങളായി. ഇന്നോവ ക്രിസ്റ്റയും പുതിയ ഫോര്‍ച്യൂണറും പോയ മാസം ടൊയോട്ടയുടെ താരങ്ങളായി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

മഹീന്ദ്രയുടെ മൊത്തം ആഭ്യന്തര വില്പന 1.5 ശതമാനം ഇടിഞ്ഞ് 34,310 വാഹനങ്ങളായി. 2015 ഡിസംബറില്‍ 34,839 വാഹനങ്ങളായിരുന്നു വിറ്റത്. പോയ മാസം യാത്രാവാഹന വില്പന എട്ടു ശതമാനം കുറഞ്ഞ് 16,698 ആയി. 2015 ഡിസംബറില്‍ 18,197 വാഹനങ്ങള്‍ മഹീന്ദ്രയില്‍നിന്ന് ഇറങ്ങിയിരുന്നു.

ട്രാക്ടര്‍, ഹെവി ഉള്‍പ്പെടെ മൊത്തം 36,363 വാഹനങ്ങള്‍ പോയ മാസം വിറ്റു. തലേ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് നാലു ശതമാനം കുറവാണിത്. കയറ്റുമതിയില്‍ 33 ശതമാനമാണ് ഇടിവുണ്ടായത്.

ഫോര്‍ഡ് ഇന്ത്യ

ആഭ്യന്തര വിപണിയില്‍ 6.04 ശതമാനം വില്പന ഇടിവാണ് ഫോര്‍ഡിനു നേരിടേണ്ടിവന്നത്. 2015 ഡിസംബറില്‍ 5,566 വാഹനങ്ങള്‍ എന്നത് പോയ മാസം 5,924 ആയി കുറഞ്ഞു.

റെനോ ഇന്ത്യ

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇന്ത്യക്ക് പോയ മാസം മികവു തുടരാനായി. 9.2 ശതമാനം നേട്ടത്തോടെ 11,244 വാഹനങ്ങള്‍ റെനോയില്‍നിന്ന് നിരത്തിലിറങ്ങി. തലേ വര്‍ഷം ഡിസംബറില്‍ 10,292 വാഹനങ്ങളായിരുന്നു വിറ്റത്.

അശോക് ലേലാന്‍ഡ്

വില്പന 12 ശതമാനം ഇടിഞ്ഞ് 10,731 ആയി.

ടാറ്റാ മോട്ടോഴ്‌സ്

ആഭ്യന്തര വിപണിയില്‍ ടാറ്റാ മോട്ടോഴ്‌സിന്‍റെ യാത്രാവാഹന വില്പന 35 ശതമാനം ഉയര്‍ന്ന് 10,827 എണ്ണമായി. കാര്‍വില്പനയില്‍ 40 ശതമാനമാണ് നേട്ടം. അതേ സമയം കൊമേഴ്‌സ്യല്‍ വാഹനവിപണിയില്‍ വില്പന ഒമ്പത് ശതമാനം ഇടിഞ്ഞ് 24,998 എണ്ണമായി.

നിസാന്‍

പോയ മാസം രണ്ടക്ക വളര്‍ച്ചയുമായി നിസാന്‍ കുതിപ്പു കാട്ടി. 21 ശതമാനം വളര്‍ച്ചയോടെ 3,711 വാഹനങ്ങള്‍ വിറ്റു.

ഫോക്‌സ് വാഗണ്‍

68 ശതമാനം നേട്ടമാണ് ഫോക്‌സ് വാഗണ് പോയ മാസം സമ്മാനിച്ചത്. വില്പന 2577ല്‍നിന്ന് 4348 ആയി ഉയര്‍ന്നു.

ഇരുചക്രത്തില്‍ സമ്മിശ്ര നേട്ടം

ടിവിഎസ് മോട്ടോഴ്‌സ്

ടിവിഎസ് മോട്ടോഴ്‌സിന്‍റെ എല്ലാ സെഗ് മെന്‍റിലും തകര്‍ച്ച പ്രകടമായി. മൊത്തം വാഹനവില്പന 8.5 ശതമാനം ഇടിഞ്ഞപ്പോള്‍ മുച്ചക്ര വിഭാഗത്തിന് 32.8 ശതമാനവും ഇരുക്ര വിഭാഗത്തിന് 8.8 ശതമാനവുമാണ് വില്പന ഇടിഞ്ഞത്. ഇരുചക്ര വിഭാഗത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്പന 18.55 ശതമാനം ഇടിഞ്ഞപ്പോള്‍ സകൂട്ടര്‍ വിഭാഗം 14. 6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ബജാജ്

ബജാജിന്‍റെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിന് 11 ശതമാനം ഇടിവുണ്ടായി. പോയ മാസം 1,06,665 വാഹനങ്ങള്‍ വിപണിയിലെത്തി. 2015 ഡിസംബറില്‍ ഇത് 1,20,322 ആയിരുന്നു.

യമഹ

ഇന്ത്യ യമഹ മോട്ടോര്‍ 28 ശതമാനം വളര്‍ച്ചയോടെ 49,775 ബൈക്കുകള്‍ വിറ്റു.

റോയല്‍ എന്‍ഫീല്‍ഡ്

41 ശതമാനം കുതിപ്പ് നേടാന്‍ റോയല്‍ എന്‍ഫീല്‍ഡിനായി. വില്പന 40,037ല്‍നിന്ന് 56,316 ആയി ഉയര്‍ന്നു.

Related posts