ജയ്പുർ: രാജസ്ഥാനിൽ മന്ത്രി ഹീരാലാൽ നഗറിനെ ആദരിക്കാനായി നിർമിച്ച വേദി തകർന്നു നാല് ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. മന്ത്രിസ്ഥാനം ലഭിച്ചതിനുശേഷം ആദ്യമായി തന്റെ മണ്ഡലത്തിൽ എത്തിയതായിരുന്നു ഹീരാലാൽ. സൻഗോഡ് ഗായത്രി സർക്കിളിലാണ് വേദി ഒരുക്കിയിരുന്നത്. പതിനഞ്ചുപേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയിലേക്കു 40 ഓളം പേർ കയറിയതായി പറയുന്നു. മന്ത്രിയെ ഹാരമണിയിക്കുന്നതിനിടെ വേദി തകർന്നു മന്ത്രിയും പാർട്ടി പ്രവർത്തകരും താഴെ വീണു. സംഭവത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ജയ്വീർ സിംഗ്, മഹേന്ദ്ര ശർമ, മനോജ് ശർമ, ചന്ദ്ര പ്രകാശ് സോണി എന്നിവർക്കാണു പരിക്കേറ്റത്. വീഴ്ചയിൽ തനിക്കു വലിയ പരിക്കുകളില്ലെന്നും പേശീവേദനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
യുപിയിൽ തലയ്ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വാരണാസി: ഉത്തർപ്രദേശ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സുൽത്താൻപുർ ജില്ലയിലാണു സംഭവം. നിരവധി കേസുകളിൽ പ്രതിയായ വിനോദ് കുമാർ ഉപാധ്യായ് ആണു കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണു പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോരഖ്പുർ, ബസ്തി, സന്ത് കബീർ നഗർ, ലഖ്നോ എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഗരുതരകേസുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർന്ന് 2023 സെപ്റ്റംബറിൽ ഉപാധ്യായെ പിടിച്ചുനൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
Read Moreപാർലമെന്റ് പുകയാക്രമണം; നുണ പരിശോധനയ്ക്കു തയാറെന്ന് ആറു പ്രതികളിൽ അഞ്ചു പേരും
ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ അഞ്ചുപേർ നുണപരിശോധന നടത്താൻ സമ്മതമാണെന്നു കോടതിയെ അറിയിച്ചു. പ്രതി ആസാദ് മാത്രമാണു നുണ പരിശോധനയ്ക്കു വിസമ്മതിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹർദീപ് കൗറിന്റെ മുന്നിലാണു പ്രതികളെ ഹാജരാക്കിയത്. ആറു പ്രതികളുടെ കസ്റ്റഡി കാലാവധിയും എട്ടു ദിവസത്തേക്കു കോടതി നീട്ടിനൽകി. ഡിസംബർ 13നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ഗാലറിയിൽനിന്നു ശൂന്യവേളയിൽ ലോക്സഭ ചേംബറിലേക്കു ചാടി മഞ്ഞനിറത്തിലെ പുക പടർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാർലമെന്റിനു പുറത്ത് ഇതേ രീതിയിൽ പ്രതിഷേധിച്ചതിന് നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreസിപിഎം പത്രം വ്യാജരേഖ ചമച്ചെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കെഎസ് യു നേതാവിനെതിരേ സിപിഎമ്മിന്റെ പാർട്ടി പത്രമായ ദേശാഭിമാനി വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വ്യാജരേഖ ചമച്ച് ദേശാഭിമാനി അപകീർത്തിപ്പെടുത്തി. ദേശാഭിമാനി നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അറിവോടെയാണ് ഈവിധം പ്രവർത്തിച്ചത്. വ്യാജരേഖ കൊടുത്ത ലേഖകനെ പിരിച്ച് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്തുതിപാഠകർക്ക് നടുവിലാണെന്നും വി.ഡി.സതീശൻ പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreമകരവിളക്ക്; കുമളിയിലേക്ക് 43 ഓർഡിനറി ബസുകൾ
ചാത്തന്നൂർ: ശബരിമല മകരവിളക്ക് കാലത്തെ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ തിരക്ക് പരിഹരിക്കാനായി കുമളി യൂണിറ്റിലേക്ക് 43 ഓർഡിനറി സർവീസുകൾ താത്ക്കാലികമായി അനുവദിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ കുമളിയിലേക്ക് വിട്ടു കൊടുക്കുന്നത്. കൂടാതെ കട്ടപ്പന ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിൽ നിന്നും ഏത് സമയവും അഞ്ചു ബസുകൾ വരെ കുമളിയിലേക്ക് അയയ്ക്കാൻ തയാറാക്കിയിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുമളി -കോഴിക്കാനം സ്പെഷൽ സർവീസു നടത്തുന്നതിനാണ് ബസുകൾ. മലയോര പാതയും ഇടുങ്ങിയ ഒറ്റവരി റോഡുമായതിനാൽ ബസ് ബ്രേക്കു ഡൗണായാൽ ബ്ലോക്കുണ്ടാകുമെന്നതിനാൽ മെക്കാനിക്കൽ കണ്ടീഷൻ ഉറപ്പു വരുത്തിയ ബസുകളെ കുമളിയ്ക്ക് അയയ്ക്കാവൂ. ബസിന്റെ റെ ഗോവണിഇളക്കി മാറ്റിയിരിക്കണം. ഷോർട്ട് വീൽ, ഫാസ്റ്റ് പാസഞ്ചർ ബസുകൾ അയയ്ക്കരുത്. ബസിനൊപ്പം അതിനാവശ്യമായ ക്രൂ, ടിക്കറ്റ് മെഷീൻ എന്നിവയും ബസിന്റെ മാതൃ ഡിപ്പോയിൽ നിന്നയയ്ക്കണമെന്നുമാണ് ഉത്തരവ്. പ്രദീപ് ചാത്തന്നൂർ
Read Moreതട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞിട്ടില്ല; ഉമർ ഫൈസി മുക്കം
കോഴിക്കോട്: വിവാദ പരാമർശത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. തന്നെ മുമ്പ് പോലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്. പരാമർശത്തിനെതിരേ വി.പി. സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് ഉമർ ഫൈസിക്കെതിരേ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരേ ചുമത്തിയത്. കേസില്‍ ഉമർ ഫൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.
Read Moreകെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നിർദേശിച്ച് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് മാത്രം കൂടുതൽ നിയമനങ്ങൾ നടത്തിയാൽ മതിയെന്നു മന്ത്രി നിർദേശം നൽകി. സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് നൽകിയിരുന്ന ദീർഘകാല കരാറുകൾ ഒഴിവാക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് കൂടിയ യോഗത്തിലാണ് ചെലവ് ചുരുക്കൽ നടപടികൾക്ക് മന്ത്രി നിർദേശം നൽകിയത്. ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശന്പളം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ചെലവ് ചുരുക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.
Read Moreവിഴിഞ്ഞം തുറമുഖം; മേയ് 31നു കമ്മിഷൻ ചെയ്യും; ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി ഇത് മാറും; വി. എൻ. വാസവൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നുണ്ടെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രവർത്തനങ്ങള്‍ നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം സാക്ഷാത്കരിക്കപ്പെട്ടു കഴിയുമ്പോൾ ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കം ഉടൻ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreകുസാറ്റ് ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം; കെഎസ്യു ഹര്‍ജി കോടതിയിൽ
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നാല് തലത്തിലുള്ള അന്വേഷണങ്ങളുടെ സ്വഭാവം സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഉന്നതതല സമിതി, സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതി, പോലീസ് അന്വേഷണം, ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം എന്നിവയെ സംബന്ധിച്ചാണ് വിശദീകരണം നല്‍കുന്നത്. നവംബർ 25ന് വൈകിട്ടാണ് സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാലു പേരാണ് മരിച്ചത്.
Read Moreയൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ്; പ്രതി രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതി എം.ജെ. രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എം.ജെ. രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രൊസിക്യൂഷന് ഇന്ന് നിലപാട് അറിയിച്ചേക്കും. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഭാരവാഹിയായ എം.ജെ. രഞ്ജു. കേസില്‍ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രഞ്ജു ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന രഞ്ജു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനാണ്. രഞ്ജുവിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ രണ്ടാഴ്ചത്തേക്ക് തടഞ്ഞിട്ടുണ്ട്.
Read More