ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ-സെൻസസ് 2027 – ഒന്നാം ഘട്ട നടപടികൾ ഏപ്രിലിൽ ആരംഭിക്കും. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ഒന്നാംഘട്ടം സെപ്റ്റംബർ 30ന് അവസാനിക്കും.
വീടുകളുടെ പട്ടിക തയാറാക്കുന്ന ഹൗസ്ലിസ്റ്റിംഗ് നടപടികൾ ഇക്കാലയളവിലാണ് നടക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഇത് പുനരാരംഭിക്കുന്നതോടെ രാജ്യം ഡിജിറ്റൽ സെൻസസിലേക്ക് പൂർണമായും മാറുകയാണ്.
രണ്ട് ഘട്ടങ്ങൾ
ആദ്യ ഘട്ടത്തിൽ വീടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.ഓരോ സംസ്ഥാനത്തെയും വിവരശേഖരണം തുടങ്ങുന്നതിന് 15 ദിവസം മുമ്പ് പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി നൽകാൻ സൗകര്യമുണ്ടാകും. ഇതിനുശേഷമായിരിക്കും ഉദ്യോഗസ്ഥർ ഓരോ വീടുകളിലുമെത്തി വിവരങ്ങൾ ശേഖരിക്കുക.
ജാതി തിരിച്ചുള്ള വിവരങ്ങൾ
1931-ന് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി സെൻസസിൽ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നത്. ഡിജിറ്റലായിട്ടായിരിക്കും രേഖപ്പെടുത്തുകയെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏകദേശം 30 ലക്ഷം എന്യുമറേറ്റർമാർ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന 30 ദിവസത്തിനുള്ളിലായിരിക്കും അതത് സ്ഥലങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരുന്നു. ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ഈ പുതിയ സെൻസസ് രാജ്യത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
