സ്‌കൂട്ടറിലെത്തി മാലപൊട്ടിച്ചെടുക്കുന്നത് ഹരമാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി ! നിര്‍ണായകമായത് വീട്ടമ്മ പറഞ്ഞ ആ കാര്യങ്ങള്‍…

മാവേലിക്കര: സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36), ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരെയാണു സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുനിത വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് അറിയിച്ചു. സുനിത ഓടിക്കുന്ന സ്‌കൂട്ടറിന്റെ പിറകിലിരുന്നാണു ബിജു മാല പൊട്ടിച്ചിരുന്നത്.

സുനിതയെ ബുധനൂരില്‍നിന്നും ബിജുവിനെ ഹരിപ്പാട്ടുനിന്നുമാണു പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങള്‍ കരുനാഗപ്പള്ളി, താമരക്കുളം എന്നിവിടങ്ങളിലെ കടകളില്‍ വിറ്റിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ബിജുവിനെ സമൂഹമാധ്യമത്തിലൂടെ ഒന്നര വര്‍ഷം മുന്‍പാണു സുനിത പരിചയപ്പെട്ടത്. നാട്ടില്‍ ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്ത ബിജു, ബുധനൂരിലും ഉമ്പര്‍നാട്ടും വാടകവീടുകളില്‍ താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ജൂണ്‍ 18 നു കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല കവര്‍ന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ജൂലൈയില്‍ ചെട്ടികുളങ്ങര ചന്ത ജംക്ഷനു സമീപം വയോധികയുടെ മാല പൊട്ടിച്ചതും ക്ഷേത്രത്തിലേക്കു പോയ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു മാല പൊട്ടിക്കാന്‍ ശ്രമിച്ചതും ഇവര്‍ തന്നെയായിരുന്നു. വീട്ടമ്മ കയ്യില്‍ കടിച്ചപ്പോള്‍ സുനിതയുടെ സ്‌കൂട്ടറില്‍ കയറി ബിജു കടന്നുകളയുകയായിരുന്നു.

ഒടുവില്‍ ഇവരെ കുടുക്കാന്‍ തുമ്പായതാകട്ടെ വീട്ടമ്മ നല്‍കിയ 586 എന്ന നമ്പറും. കല്ലിമേലില്‍ മാല നഷ്ടപ്പെട്ട വീട്ടമ്മ സ്‌കൂട്ടറിലെത്തിയ യുവാവും യുവതിയുമാണു മാല അപഹരിച്ചതെന്നും സ്‌കൂട്ടര്‍ നമ്പര്‍ 586 എന്നാണെന്നും മൊഴി നല്‍കിയിരുന്നു.

സമീപത്തെ ക്യാമറ ദൃശ്യങ്ങളില്‍നിന്നു സ്‌കൂട്ടറിന്റെ നമ്പര്‍ കെഎല്‍ 31 ഡി 5867 ആണന്നും അവസാന അക്കം ഇളക്കി മാറ്റിയതാണെന്നും പൊലീസ് കണ്ടെത്തി. മാലപൊട്ടിക്കല്‍ നടന്ന പ്രദേശങ്ങളിലെ ക്യാമറ ദൃശ്യങ്ങളില്‍ ഈ സ്‌കൂട്ടര്‍ കണ്ടതോടെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടതും ഒടുവില്‍ പിടിയിലാകുന്നതും. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Related posts