പ്രതിപക്ഷ ഐക്യത്തിനായി ഓടി നടന്നപ്പോള്‍ സ്വന്തം കാര്യം നോക്കാന്‍ മറന്നു ! ആന്ധ്രരാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി ചന്ദ്രബാബു നായിഡു…

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താതിരിക്കാനായി ഓടിനടന്ന് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ച ചന്ദ്രബാബു നായിഡുവിന് ലഭിച്ചത് കനത്ത തിരിച്ചടി. ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയിലാണ് നായിഡു ഇപ്പോള്‍. ലോകസഭയിലും നിയമസഭയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ നായിഡുവിന്റെ രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യപ്പെടുകയാണ്.

തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒന്നുമല്ലാതാക്കിയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറിയത്. 145 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 80ഓളം സീറ്റുകളില്‍ വൈഎസ്ആര്‍ മുന്നേറുകയാണ്. 29 സീറ്റുകളില്‍ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്‌സഭ മണ്ഡലങ്ങളില്‍ 24ലിലും വൈഎസ്ആറിന്റെ മുന്നേറ്റമാണ്.

എന്‍ഡിഎ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാര്‍ച്ചിലാണ് പിന്തുണ പിന്‍വലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാന്‍ തായാറാകാതെ വന്നതോടെയാണ് എന്‍ഡിഎ വിട്ടത്. കോണ്‍ഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തില്‍ ഒന്നിക്കാമെന്നുമായിരുന്നു ധാരണ. നരേന്ദ്രമോദിയെയും ബിജെപിയും തടയാനായി രാജ്യമെങ്ങും ഓടി നടന്ന് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ച ചന്ദ്രബാബു നായിഡുവിന്റെ ഉദ്യമം വിജയിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ ശക്തനായി മോദി തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുകയും ചെയ്തു.

ആന്ധ്രയിലെ ആളിക്കത്തുന്ന കര്‍ഷകരോഷം തന്നെയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആയുധം. ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പു നല്‍കിയാണ് പ്രചാരണം നടത്തിയതും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് 670 കോടി രൂപ 67 ലക്ഷം കര്‍ഷകര്‍ക്കായി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും വൈഎസ്ആറിനെ ഒപ്പം നിര്‍ത്താനും നീക്കം നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരുന്ന ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയില്‍ പുതിയ വീടും ഓഫീസും വരെ നിര്‍മിച്ചിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസും ടിഡിപിയും മേധാവിത്വം പുലര്‍ത്തിയിരുന്നിടത്താണ് കോണ്‍ഗ്രസ് നേതാവിന്റെ മകനായ ജഗന്‍മോഹന്‍ റെഡ്ഡി ഇപ്പോള്‍ തേരോട്ടം നടത്തുന്നത്.

Related posts