ടാറ്റാസിനെ നയിക്കാന്‍ മാരത്തണ്‍ഓട്ടക്കാരന്‍

chandrashekaran-l

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയുടെ (ടിസിഎസ്) തലപ്പത്തുനിന്ന് നടരാജന്‍ ചന്ദ്രശേഖരന്‍ കയറുന്നത് രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ സാരഥ്യത്തിലേക്ക്. ടാറ്റാ ഗ്രൂപ്പിന്റെ പാഴ്‌സി അല്ലാത്ത ആദ്യ സാരഥിയാകും തമിഴ്‌നാട്ടുകാരനായ ചന്ദ്രശേഖരന്‍.

ടിസിഎസിന്റെ ഓഹരിമൂല്യം 4.73 ലക്ഷം കോടി രൂപയാണ്. 1.13 ലക്ഷം കോടി രൂപ വിറ്റുവരവുമുണ്ടായിരുന്നു ആ കമ്പനിക്ക്. ഇനി ഏഴുലക്ഷം കോടി രൂപ വിറ്റുവരവുള്ള ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനാകും. 54ാം വയസില്‍ ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനാണ് ചന്ദ്ര എന്നു മിത്രങ്ങള്‍ വിളിക്കുന്ന ചന്ദ്രശേഖരന്‍. ഔദ്യോഗിക ജീവിതം മുഴുവന്‍ ടിസിഎസില്‍ ആയിരുന്നു. എങ്കിലും പ്രമുഖ ടാറ്റാ കമ്പനികളില്‍ ചന്ദ്രശേഖരന്‍ ഡയറക്ടറായിരുന്നു.

ഫോട്ടോഗ്രാഫിയിലും ദീര്‍ഘദൂര ഓട്ടത്തിലും കമ്പമാണ് ഇദ്ദേഹത്തിന്. ആംസ്റ്റര്‍ഡാം, ബോസ്റ്റണ്‍, ഷിക്കാഗോ, ബര്‍ലിന്‍, മുംബൈ, ന്യൂയോര്‍ക്ക്, പ്രാഗ്, സ്‌റ്റോക്ക് ഹോം, സാല്‍സ്ബര്‍ഗ്, ടോക്കിയോ മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്.
രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര, റോണന്‍ സെന്‍, കുമാര്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായാണു ചന്ദ്രശേഖരന്റെ പേര് നിര്‍ദേശിച്ചത്.

ജനനം: 1963 ജൂണില്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ മോഹനൂരില്‍.വിദ്യാഭ്യാസം: കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജിയില്‍നിന്ന് അപ്ലൈഡ് സയന്‍സസില്‍ ബിരുദം. റീജിയണല്‍ എന്‍ജിനിയറിംഗ് കോളജ് ട്രിച്ചിയില്‍നിന്ന് (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, തമിഴ്‌നാട്) മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

ഉദ്യോഗം

1987ല്‍ ടിസിഎസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2009 ഒക്ടോബര്‍ 6ന്  ടിസിഎസിന്റെ സിഇഒയായി ചുമതലയേറ്റു.
2016 ഒക്ടോബര്‍ 26നു ടാറ്റാ സണ്‍സ് ഡയറക്ടര്‍.

നേട്ടങ്ങള്‍

ചന്ദ്രശേഖരന്‍ സിഇഒയായിരുന്ന കാലഘട്ടത്തിലാണ് (201516) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 1650 കോടി ഡോളര്‍ വരുമാനം നേടിയത്. ഐടി സേവന മേഖലയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് ആയി ഉയര്‍ന്നതും ചന്ദ്രശേഖരന്റെ കാലഘട്ടത്തിലാണ്. കൂടാതെ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ടിസിഎസിനെ ഗ്ലോബല്‍ ടോപ് എംപ്ലോയര്‍ അവാര്‍ഡ് നല്‍കിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
ഭാര്യ: ലളിത
മകന്‍: പ്രണവ്.
വിനോദം: ഫോട്ടോഗ്രഫി, മാരത്തണ്‍ ഓട്ടം.

Related posts