കൊച്ചി: ചേരാനെല്ലൂരില്‍ 17കാരൻ ഓടിച്ചിരുന്ന കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മകൾ. ‘എന്റെ അച്ഛന് വേണ്ടി എനിക്ക് സംസാരിക്കണം. ഇത്രയും നാൾ ഞാൻ കഷ്ടപ്പെട്ട് പഠിച്ച് ജോലിക്ക് പോയതും എന്റെ അച്ഛനെ നോക്കാൻ ആണ്.
അച്ഛൻ ഒരു ദിവസമെങ്കിലും ആ കട പൂട്ടി സമാധാനമായിട്ട് നോക്കാം എന്ന് വിചാരിച്ചാണ് ഞാൻ പോയത് തന്നെ. ഇനിയിപ്പോ ഞാൻ ആർക്കുവേണ്ടി ജീവിക്കേണ്ടത്? ഞാൻ എന്തിനുവേണ്ടിയാണ് ജോലിക്ക് പോകുന്നത് എന്തിനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്? ആ അച്ഛനെ ആ സമാധാനമായിട്ട് ഒരു ദിവസമെങ്കിലും അച്ഛൻ ആഗ്രഹിച്ചത് പോലെ സന്തോഷമായിട്ട് നോക്കാം എന്ന് വിചാരിച്ചതാണ്.
ഇത്രയും നാൾ പുള്ളി ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഇത്രയും നാൾ സന്തോഷം എന്താണെന്ന് പോലും അറിയാണ്ടാണ് ജീവിച്ചത്’. ജയബാലകൃഷ്ണന്റെ തട്ടുകട സാമൂഹിക വിരുദ്ധർ തല്ലിപ്പൊളിച്ച പരാതി പറയാൻ മകളും അദ്ദേഹവും പൊലിസ് സ്റ്റേഷനിൽ ഇതിനു മുൻപും പരാതി പറയാനായി ചെന്നിരുന്നു. അന്നു പൊലിസുകാരിൽ നിന്നും നേരിട്ട ദുരനുഭവും മകൾ വെളിപ്പെടുത്തി.
‘എന്റെ അച്ഛന്റെ കട തല്ലിപ്പൊളിച്ചു എന്ന് പറഞ്ഞ് ഒരു കേസ് കൊടുക്കാൻ ഞാനും അച്ഛനും ചെന്നു.അന്ന് രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ നിന്ന് അവരുടെ ആട്ടും തുപ്പും കേട്ടാണ് ഞങ്ങൾ നിന്നത്. അപ്പോഴും അവിടുത്തെ സി ഐ പേര് ഞാൻ ഓർക്കുന്നില്ല ആ പുള്ളിക്കാരൻ എന്തൊക്കെ രീതിയിൽ ബാഡ് ആയിട്ട് എന്റെ അച്ഛനോട് സംസാരിച്ചത് എന്ന് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
കാരണം എന്താ ഞങ്ങൾ തട്ടുകടക്കാരാണ്. ഞങ്ങൾക്ക് ഏത് അറ്റം വരെ പോകാൻ പറ്റും. എന്റെ അച്ഛനോട് സംസാരിച്ചവർക്ക് അറിയാം വായിൽ നിന്ന് ഇത്രയ്ക്കും അത്രയ്ക്കും താഴ്ന്നു സംസാരിക്കുകയുള്ളൂ. ഒരാളോട് ദേഷ്യപ്പെടില്ല. ഇങ്ങോട്ട് ദേഷ്യപ്പെട്ടാലും അയ്യോ സാറേ എന്ന രീതിയിലാണ് നിൽക്കുകയുള്ളൂ. അത്രയ്ക്കും പാവപ്പെട്ട മനുഷ്യനായിരുന്നു അച്ഛൻ’ എന്നും മകൾ വ്യക്തമാക്കി.
അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനായ 17കാരൻ ലൈസൻസില്ലാതെ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ 25-ന് പുലർച്ചെ മരണപ്പെട്ടത്.
