ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ വിലപിച്ച് ചൈന ! ഇന്ത്യ തെറ്റു തിരുത്താന്‍ തയ്യാറകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം…

പബ്ജി ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ചൈന.

ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു.

ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക്‌ടോക് അടക്കം നേരത്തേ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിലുള്ള ചില ആപ്പുകള്‍ അവ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ഇന്ത്യയ്ക്ക് പുറത്തുള്ള സെര്‍വറുകളില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് ഐ.ടി. മന്ത്രാലയത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

ഇത്തരത്തില്‍ രാജ്യസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതും സ്വകാര്യതയ്ക്ക് ദോഷം ചെയ്യുന്നതുമായ മൊബൈല്‍ ആപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യം പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടിയെന്ന് കേന്ദ്രം അറിയിച്ചു.

Related posts

Leave a Comment