ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ അരങ്ങേറുന്ന ക്രമക്കേടുകൾക്കെതിരെയും പരീക്ഷാവിവാദങ്ങൾക്കെതിരെയും യുവാക്കളുടെ കൂട്ടായ്മയായ “കോക്രോച്ച് ജനത പാർട്ടി’ (സിജെപി) സംഘടിപ്പിക്കുന്ന വൻ ജനകീയ പ്രതിഷേധത്തിന് ഡൽഹി ജന്തർ മന്ദറിൽ തുടക്കം.
പരീക്ഷാത്തട്ടിപ്പുകൾക്ക് ഇരയായ ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ജനകീയപ്രക്ഷോഭം. വൈകിട്ട് അഞ്ചുവരെയാണു പ്രതിഷേധം. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രതിഷേധസമരം നടത്താനുള്ള അനുമതിയാണ് പോലീസ് നൽകിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങളുണ്ടായാൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്നു രാവിലെ എട്ടിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷമാണു പുറത്തേക്കിറങ്ങിയത്.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ഇതുവരെ അഞ്ചോളം വിദ്യാർഥികൾ ജീവനൊടുക്കിയതായും വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കെവെ ദീപ്കെ പറഞ്ഞു. നൂറുകണക്കിനാളുകൾ ദീപ്കെയെ സ്വീകരിക്കാൻ വിമാനത്താളത്തിലെത്തിയിരുന്നു.
ഭരണഘടനാശിൽപ്പി അംബേദ്കറുടെ ആത്മകഥാഗ്രന്ഥം ഉയർത്തിപ്പിടിച്ചാണ് ദീപ്കെ ജനമധ്യത്തിലേക്കെത്തിയത്. മാധ്യമങ്ങളോടു സംസാരിച്ചശേഷമാണ് ദീപ്കെ ജന്തർ മന്ദറിലേക്കു പുറപ്പെട്ടത്. യുവാക്കളുടെ കൂട്ടായ്മ തെരുവിലേക്കിറങ്ങുന്പോൾ എന്തു സംഭവിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും വിദ്യാഭ്യാസ രംഗത്തു സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു സമരം. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്, നടൻ പ്രകാശ് രാജ്, ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമരം പൂർണമായും സമാധാനപരമായിരിക്കുമെന്ന് സിജെപി വക്താക്കൾ അറിയിച്ചു. പ്രവർത്തകർക്കായി പ്രത്യേക മാർഗനിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകോപനങ്ങളിൽ വീഴരുതെന്നും അക്രമങ്ങളിൽ ഏർപ്പെടരുതെന്നും പോലീസുകാർക്ക് പൂക്കൾ നൽകി സമാധാനം പാലിക്കണമെന്നും സിജെപി നിർദേശിക്കുന്നു.
അതേസമയം, തലസ്ഥാനനഗരിയിൽ ക്രമസമാധാന പാലനത്തിനായി ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ മധ്യ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രവർത്തകരെ പ്രകോപിപ്പിക്കരുതെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ജന്ദർ മന്ദർ സാക്ഷ്യം വഹിക്കുന്നത് വൻ പ്രതിധേത്തിന്
നൂറുകണക്കിന് യുവാക്കളാണു രാവിലെതന്നെ ജന്തർ മന്ദറിൽ പ്രതിഷേധസമരത്തിനെത്തിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് എഴുതിയ ഫ്ളക്സ് പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
പാറ്റയുടെ മുഖംമൂടി അണിഞ്ഞാണ് ഭൂരിഭാഗം പേരും സമരത്തിൽ പങ്കെടുക്കുന്നത്. അംബേദ്കറുടെ ചിത്രവും, ചിലർ ഭഗത് സിംഗിന്റെ ചിത്രവും ഉയർത്തിപ്പിടിച്ചിരിക്കുന്നതു കാണാം. സിപിഐ ദേശീയ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ സമരപ്പന്തിലേക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
