നസീർ വധശ്രമക്കേസിൽ ഷംസീർ എംഎൽഎയുടെ വാഹനം കസ്റ്റഡിയിൽ; ഗൂഢാലോചന നടന്നത് ഈ കാറിലെന്ന് പോലീസ്

കണ്ണൂർ: സി.ഒ.ടി.നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎ എ.എൻ.ഷംസീർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്‍റെ സഹോദരന്‍റെ എ.എൻ.ഷാഹിറിന്‍റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്ന KL 07 CD 6887 നന്പറിലുള്ള കാറാണിത്. നസീറിനെ വധിക്കാൻ ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ഷംസീർ കാലങ്ങളോളം ഉപയോഗിച്ച വാഹനമാണിത്. നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിൽ എത്തിയിട്ടുണ്ട്. ഇത് വാർത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്. ദീർഘകാലം എംഎൽഎ ബോർഡ് വച്ച് ഓടിയ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം എംഎൽഎയുടെ മൊഴി ഒരിക്കൽ പോലും രേഖപ്പെടുത്താൻ തയാറായിരുന്നില്ല. തന്നെ ആക്രമിച്ചതിന് പിടിയിലായ പ്രതികൾക്കാർക്കും തന്നോട് വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലെന്നും എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്നുമായിരുന്നു നസീറിന്‍റെ മൊഴി.

കേസിൽ എംഎൽഎയുടെ ഡ്രൈവറായ രാജേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇയാളാണ് പൊട്ടിയൻ സന്തോഷ് എന്ന ഗുണ്ടാനേതാവിന് നസീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ. നസീർ ആക്രമിക്കപ്പെടുന്ന ദിവസം രാജേഷ് നിരവധി തവണ സന്തോഷിനെ ഫോണിൽ വിളിച്ചതിന്‍റെ രേഖകളും പോലീസിന് ലഭിച്ചിരുന്നു.

Related posts