ആകാശ് നീയും ഞാനും ഒന്നാണ്..നാം ചെങ്കൊടിയുടെ സന്താനങ്ങള്‍! ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശിന് ധീരസഖാവിന്റെ പരിവേഷം ചാര്‍ത്തി നല്‍കി സിപിഎം സൈബര്‍ പോരാളികള്‍

രാഷ്ട്രീയത്തിലെ ശത്രുവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായെങ്കിലും സോഷ്യല്‍മീഡിയയില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ലഭിക്കുന്നത് ധീരസഖാവിന്റെ പരിവേഷം. മിനിട്ടുകളുടെ വ്യത്യാസത്തില്‍ നിരവധിയാളുകളാണ് ആകാശിന് അഭിവാദ്യം അര്‍പ്പിച്ച് രംഗത്തെത്തികൊണ്ടിരിക്കുന്നത്. ആകാശ് നീയും ഞാനും ഒന്നാണ്… നാം ചെങ്കൊടിയുടെ സന്താനങ്ങള്‍’.. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ ആകാശ് എംവി അഥവാ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു സഖാവ് കുറിച്ചതാണിത്..

ഫേസ്ബുക്കില്‍ ആശംസകളുമായി എത്തുന്നവരെല്ലാം കൊലപാതകത്തെ അഭിനന്ദിച്ചെത്തിയവരാണെന്നതും ശ്രദ്ധേയമാണ്. തന്നെക്കാള്‍ പാര്‍ട്ടിയെയും പാര്‍ട്ടി സഖാക്കളെയും സ്‌നേഹിച്ചവനായിരുന്നു ആകാശെന്നും സഖാക്കള്‍ക്ക് വേണ്ടി എന്തിനും ഏതിനും കൂടെയുള്ള ചങ്കൂറ്റമുള്ള സഖാവായിരുന്നു ആകാശെന്നും ചിലര്‍ ആകാശിനെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.

അതേസമയം ഉന്മൂലനം പാര്‍ട്ടി നയമല്ലെന്നും താങ്കള്‍ക്ക് എങ്ങിനെ ഇതിന് സാധിക്കുന്നുവെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. താങ്കളുടെ വിവാഹം കഴിഞ്ഞ ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിയുടെ കാല് വെട്ടിമാറ്റിയാല്‍, കൊന്നാല്‍ താങ്കള്‍ക്ക് അന്ന് അതിന്റെ വേദന തിരിച്ചറിയാന്‍ സാധിക്കുമെന്നുമടക്കം കമന്റു ചെയ്യുന്നവരുമുണ്ട്. സിപിഎം സൈബര്‍ പോരാളികളാണ് ആകാശിന് ആശംസകളര്‍പ്പിക്കുന്നവരില്‍ കൂടുതല്‍.

 

 

Related posts