എത്ര സഖാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പഞ്ഞിക്കിട്ടാലും അവരെ പിന്തുണയ്‌ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ് ! ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ സിപിഎമ്മിന് കടന്നു പോകേണ്ടത് വമ്പന്‍ പ്രതിസന്ധികളിലൂടെ…

 ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഒരു കാലത്ത് ശക്തിദുര്‍ഘങ്ങളായിരുന്ന ബംഗാളും ത്രിപുരയിലും പോലും ഇത്തവണ ഒറ്റ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല. ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കച്ചമുറുക്കുന്ന പ്രതിപക്ഷസഖ്യത്തില്‍ ചേരാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തില്‍ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് മമതയെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിപിഎം ഗൗരവപരമായി ആലോചിച്ചു വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാളുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ നിര്‍ണായക ശക്തിയായ മമതയെ ഒഴിവാക്കി സിപിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ബംഗാളില്‍ ചെറുത്തു നില്‍പ്പിന്റെ പോരിലാണ് സിപിഎം. തൃണമൂല്‍ നടത്തുന്നത് വലിയ ആക്രമണങ്ങളാണ്. എങ്ങനേയും അതിനെ ചെറുക്കണം. തൃണമൂല്‍ അക്രമത്തില്‍ ഭയന്ന് പലരും സിപിഎം വിടുകയാണ്. ബിജെപിയിലാണ് അഭയം തേടുന്നത്. ഇതിനിടെയാണ് സിപിഎം നേതാവിന്റെ പ്രസ്താവന എത്തുന്നത്. കോണ്‍ഗ്രസിന്റേയും തൃണമൂലിന്റേയും സാഹചര്യമുയര്‍ന്ന് വന്നാല്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടി വരുകയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം തികച്ചും ആത്മഹത്യാപരമാണെന്നു പറയുന്ന ഇദ്ദേഹം അതേസമയം തന്നെ എന്നാല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് എന്ത് വില കൊടുത്തും തടയാന്‍ സിപിഐഎം ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 ലോക്‌സഭാസീറ്റുകളായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നത്. ഇതിന് പുറമെ 34 വര്‍ഷത്തിന് ശേഷം ഇടത് മുന്നണിയില്‍ നിന്നും ബംഗാള്‍ ഭരണം പിടിച്ചെടുക്കാന്‍ തൃണമൂലിന് സാധിക്കുകയും ചെയ്തിരുന്നു.

”ബിജെപിയെ തോല്‍പിക്കുക…തൃണമൂലിനെ തോല്‍പ്പിക്കുക..” എന്നാണ് സിപിഎം ബംഗാളില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.മുമ്പ് ഒന്നാം യുപിഎ ഗവണ്‍മെന്റിനെ പിന്തുണച്ച സിപിഎം ആണവ കരാറിനെത്തുടര്‍ന്നാണ് പിന്തുണ പിന്‍വലിച്ചത്. ഈ അവസരം മുതലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും തുടര്‍ന്ന് മമത റെയില്‍വേ മന്ത്രിയാവുകയും ചെയ്തു. നിലവില്‍ സിപിഎമ്മില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി അവരുടെ നിലനില്‍പ്പിനെപ്പോലും സംശയത്തിലാക്കിയിരിക്കുകയാണ്. തൃണമൂലിനെ തള്ളി സിപിഎമ്മിനെ കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നുറപ്പാണ്. തൃണമൂലിനെ സിപിഎം പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് നേതാക്കള്‍ തന്നെ പറയുന്നു. ഇക്കാരണങ്ങള്‍ ഒക്കെക്കൊണ്ട് ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

Related posts