ആലപ്പുഴ: നിരോധിത പുകയില കടത്ത് കേസിൽ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയ ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. ജില്ലയിൽനിന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ ചേർന്ന ആശ്രമം ലോക്കൽ കമ്മിറ്റി, ആലപ്പുഴ ഏരിയ കമ്മിറ്റികളുടെ ശിപാർശ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.2023 ജനുവരിയിൽ കരുനാഗപ്പള്ളിയിൽ വച്ചാണ് ഷാനവാസിന്റെ പേരിലുള്ള ലോറിയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. അക്കാലത്ത് ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഷാനവാസ്.
മറ്റൊരാൾ തന്റെ ലോറി വാടകയ്ക്ക് എടുത്ത രേഖകൾ ഹാജരാക്കി ഷാനവാസ് കേസിൽനിന്ന് ഒഴിവായെങ്കിലും പാർട്ടിയിൽ ഇത് വലിയ ഒച്ചപ്പാടിനും വിവാദങ്ങൾക്കും ഇടയാക്കി. തന്റെ ലോറി വാടകയ്ക്ക് എടുത്തതാണെന്നും പുകയില ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ ഷാനവാസ് പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ, പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും ലഹരി കടത്തിൽ സംശയനിഴലിലുള്ള ആൾക്ക് ലോറി വാടകയ്ക്ക് നൽകിയതും ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തത്.
പാർട്ടി നടപടി അംഗീകരിച്ച ഷാനവാസ് പാർട്ടിയിൽ തിരിച്ചെടുക്കാൻ നേരത്തെ തന്നെ അപേക്ഷ നൽകിയെങ്കിലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാൽ തീരുമാനമെടുത്തില്ല. പാർട്ടിയിൽ തിരിച്ചെടുക്കും മുൻപ് ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം സ്ഥാനാർഥിയായി നിയോഗിച്ച ഷാനവാസ് വിജയിച്ചതിനു പിന്നാലെയാണ് ലോക്കൽ, ഏരിയാ ഘടകങ്ങളുടെ തിരിച്ചെടുക്കൽ ശിപാർശ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിക്കുകയും കഴിഞ്ഞദിവസം അംഗീകാരം നൽകുകയും ചെയ്തത്.
അംഗത്വം പുനസ്ഥാപിക്കാനുള്ള കീഴ് ഘടകങ്ങളുടെ ശിപാർശ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായപ്പോൾ ഷാനവാസ് ഇപ്പോൾ നല്ല കമ്യൂണിസ്റ്റാണെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പ്രതികരണം. എന്നാൽ, ഷാനവാസിനെ തിരിച്ചെടുത്തതിൽ എതിർപ്പുള്ള ഒരു വിഭാഗം സംസ്ഥാന നേത്യത്വത്തിനു പരാതി നൽകുമെന്നാണ് വിവരം. ഇത് ആലപ്പുഴയിലെ പാർട്ടിയിൽ വീണ്ടും വിഭാഗീയതയും ചേരിതിരിവുകളും രൂക്ഷമാക്കിയേക്കാം.
