തോളൂർ (തൃശൂർ): തോളൂരിൽ വീടു കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. നാലകത്ത് അബൂബക്കറുടെ മകൻ ഷക്കീറിന്റെ വീട്ടിൽനിന്ന് 50 പവൻ സ്വർണം കൊള്ളയടിച്ചു. മകളുടെ വിവാഹ ആവശ്യത്തിനായി സ്വരുക്കൂട്ടിയ സ്വർണമാണ് നഷ്ടപ്പെട്ടത്.
പറപ്പൂരിൽ ഒലാല എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഷക്കീറും കുടുംബവും ഓണത്തിന്റെ തിരക്കിൽ കടയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനു വീടുപൂട്ടിപ്പോയ ഇവർ പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന്റെ പിന്നിലെ വാതിൽ കന്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വീടിനു പിന്നിലൂടെ റെയിൽവേ ട്രാക്ക് കടന്നുപോകുന്നത് മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ സഹായകരമായെന്നാണ് പ്രാഥമിക നിഗമനം. പേരമംഗലം പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. മോഷ്ടാക്കൾക്കായി അന്വേഷണം ഉൗർജിതമാക്കി.
